മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങിയ അദ്ദേഹം പിന്നീട് ലീഡ് റോളുകള്‍ ചെയ്തും ഇന്‍ഡസ്ട്രിയില്‍ തിളങ്ങി. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ നടന് സാധിക്കാറുണ്ട്. നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.
ഇപ്പോള്‍ താന്‍ ഭാഗമായ പെരുമാനി എന്ന സിനിമയേ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. 2024ല്‍ റിലീസായ സിനിമ ഈ മാസം 21നാണ് ഒ.ടി.ടിയില്‍ എത്തിയത്. പെരുമാനി തങ്ങള്‍ വളരെ പ്രതീക്ഷയോടെ ചെയ്ത ഒരു സിനിമയാണെന്ന് വിനയ് പറയുന്നു.
‘ചില സിനിമകള്‍ നമ്മള്‍ ചെയ്യാന്‍ വേണ്ടി ഒരുപാട് തയ്യാറെടുപ്പുകളൊന്നും നടത്തേണ്ടതില്ല. ഷൂട്ടിന് പോകുക, സംവിധായകന്‍ പറയുന്നത് കേള്‍ക്കുക അങ്ങനെയാണ്. പെരുമാനി സംവിധായകര്‍ ഉള്‍പ്പെടെ എല്ലാവരും വളരെ പ്രിപ്പേയറൊക്ക ചെയ്ത് നല്ല പീസ്ഫുളായി എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത ഒരു സിനിമയാണ്. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് സിനിമ തിയേറ്ററില്‍ അത്ര വിജയിച്ചില്ല. മാര്‍ക്കറ്റിങ്ങിന്റെ പ്രശ്‌നമാണോ എന്തുകൊണ്ടാണെന്ന് ഇപ്പോഴും ക്ലാരിറ്റി കിട്ടിയിട്ടില്ല.
തിയേറ്റില്‍ ഒരുപാട് ആളുകള്‍ ഈ സിനിമ കണ്ടിട്ടില്ലെന്നും തങ്ങള്‍ വളരെ പ്രതീക്ഷയോടെ ചെയ്ത ഒരു സിനിമയായിരുന്നു പെരുമാനിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഒരു അഭിനേതാവെന്ന നിലയില്‍ നല്ല എഫേര്‍ട്ടൊക്കെ ഇട്ട് വളരെ സ്‌നേഹത്തോടെ ചെയ്ത ഒരു സിനിമയാണ് അതെന്നും വിനയ് പറഞ്ഞു.
‘സിനിമ മാത്രമല്ല, ഏത് ആര്‍ട് ഫോം ആണെങ്കിലും ഒരുപാട് ആളുകള്‍ അത് കാണുമ്പോഴാണ് അതിന്റെ പൂര്‍ണതയിലേക്ക് എത്തുക. ഇപ്പോള്‍ അത് ഒ.ടി.ടി റിലീസ് ചെയ്തു. ഒ.ടി.ടി.യില്‍ എത്തുമ്പോള്‍ അത് വലിയ ഓഡിയന്‍സിലേക്ക് എത്തുന്നു,’വിനയ് ഫോര്‍ട്ട് പറയുന്നു.
സണ്ണി വെയ്ന്‍, ദീപ തോമസ്, വിനയ് ഫോര്‍ട്ട്, ലുക്മാന്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പെരുമാനി.
Content Highlight: Vinay Forrt says that Perumani is a film made with great expectations