| Sunday, 29th November 2026, 8:41 am

ജീവിതം മടുത്തിരിക്കുന്ന സമയത്ത് എന്നെ തേടി വന്ന റോള്‍, അടുത്ത കാലത്ത് എനിക്ക് ഒരുപാട് പ്രശംസ കിട്ടിയത് ആ പടത്തിലാണ്: വിനയ് ഫോര്‍ട്ട്

അമര്‍നാഥ് എം.

2026ല്‍ മലയാള സിനിമയില്‍ അറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് വിനയ് ഫോര്‍ട്ട്. അഞ്ച് സിനിമകളിലാണ് താരം ഭാഗമായത്. ചെറിയ വേഷങ്ങളാണെങ്കിലും ഓരോന്നും ഒന്നിനൊന്ന് ഗംഭീരമായിരുന്നു. രണ്ടോ മൂന്നോ സീനുകള്‍ കൊണ്ട് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് വിനയ് ഫോര്‍ട്ട് കാഴ്ചവെച്ചത്.

വിനയ് ഫോര്‍ട്ട് Photo: Screen grab/ I Am with Dhanya Varma

ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഹെയ്ല്‍ മേരിയിലും മികച്ച പ്രകടനം താരം പുറത്തെടുത്തു. അഞ്ചോ ആറോ സീനുകള്‍ മാത്രമുള്ള വേഷങ്ങളാണ് തനിക്ക് കൂടുതല്‍ പ്രശംസ നല്‍കുന്നതെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. അവറാച്ചന്‍ ആന്‍ഡ് സണ്‍സിലെ റോള്‍ അത്തരത്തിലൊന്നായിരുന്നെന്നും ആ സിനിമ ചെയ്യാന്‍ ആദ്യം തനിക്ക് താത്പര്യമില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ ചെയ്തതില്‍ ആളുകള്‍ സെലിബ്രേറ്റ് ചെയ്യുന്ന കഥാപാത്രങ്ങളുണ്ട്. അവറാച്ചന്‍ ആന്‍ഡ് സണ്‍സിലെ കഥാപാത്രം അങ്ങനെയൊന്നാണ്. അടുത്ത കാലത്ത് ഒരുപാട് ആളുകള്‍ എന്നെ വിളിക്കുകയും അപ്പ്രിഷ്യേറ്റ് ചെയ്യുകയും ചെയ്തത് ആ പടത്തിലാണ്. ഭയങ്ക ടഫാണ് ആ കഥാപാത്രം ചെയ്യാന്‍. അയാള്‍ സ്വന്തം ഭാര്യയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. പക്ഷേ, അയാള്‍ കിളിയായിപ്പോയി. എനിക്ക് ഭയങ്കര ചാലഞ്ചിങ്ങായിരുന്നു ആ റോള്‍,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

വിനയ് ഫോര്‍ട്ട് Photo: Screen grab/ Magic Frames

അവറാച്ചന്‍ ആന്‍ഡ് സണ്‍സിലെ തന്റെ പെര്‍ഫോമന്‍സ് കണ്ട എഡിറ്റര്‍ കാരണമാണ് തനിക്ക് ബെത്‌ലഹേം കുടുംബ യൂണിറ്റിലേക്ക് അവസരം ലഭിച്ചതെന്നും താരം പറയുന്നു. ചെറിയ റോളുകള്‍ കരിയറില്‍ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന് അപ്പോഴാണ് മനസിലാക്കിയതെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫാമിലി, ആട്ടം പോലെയുള്ള സിനിമകള്‍ ചെയ്തിട്ടും അതൊന്നും സൊസൈറ്റിയിലേക്ക് എത്തിയിരുന്നില്ല. സത്യം പറഞ്ഞാല്‍ ജീവിതം മടുത്തിരിക്കുന്ന സമയത്താണ് സംവിധായകന്‍ തമ്പി എന്നെ ഈ പടത്തിലേക്ക് വിളിച്ചത്. ബിജു ചേട്ടന്‍ ഹീറോ, ഗണുവും ഭാസിയും വലിയൊരു റോള്‍ ചെയ്യുന്നുണ്ട്. ആറ് ദിവസത്തെ ഡേറ്റ് മതി എന്ന് പറഞ്ഞു. ഞാന്‍ ഇല്ല എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

വിനയ് ഫോര്‍ട്ട് Photo: Screen grab/ Magic Frames

അഞ്ച് ദിവസവും ആറ് ദിവസവും മാത്രമുള്ള റോള്‍ ചെയ്ത് ജീവിതം മുന്നോട്ട് പോകുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആദ്യം വേണ്ടെന്ന് വെച്ചത്. പിന്നീട് തമ്പി വന്ന് ഈ ക്യാരക്ടറിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞപ്പോഴാണ് ഇത് ചെയ്യണം എന്ന് ഉറപ്പിച്ചത്. വിട്ടുകളഞ്ഞിരുന്നെങ്കില്‍ വലിയ കുറ്റബോധം തോന്നിയേനെ,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Vinay Forrt saying he tried to avoid Avarachan and Sons movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more