ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് വിനയ് ഫോര്ട്ട്. 14 വര്ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്ക്കുന്ന താരം നിരവധി സിനിമകളില് ചെറുതും വലുതുമായ വേഷങ്ങള് ചെയ്ത് ശ്രദ്ധ നേടി. കോമഡിയും ഇമോഷനും ഒരുപോലെ കൈകാര്യം ചെയ്യാന് കഴിയുന്ന ചുരുക്കം നടന്മാരിലൊരാളാണ് വിനയ് ഫോര്ട്ട്.
ഈ വര്ഷം താരം ഭാഗമായ സിനിമകളെല്ലാം ബോക്സ് ഓഫീസില് വലിയ വിജയം നേടിയിരുന്നു. സിനിമകള് ഹിറ്റായതിനൊപ്പം വിനയ്യുടെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടത്തിലെ പാര്ത്ഥന്, ബെത്ലഹേം കുടുംബ യൂണിറ്റിലെ അലക്സ്, പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ പ്രതാപ് എന്നീ കഥാപാത്രങ്ങള് കൈയടി നേടി.
ഇപ്പോഴിതാ അടുത്തിടെ ചെയ്തതില് ഏറ്റവും ചലഞ്ചിങ്ങായിട്ടുള്ള വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോര്ട്ട്. ബെത്ലഹേം കുടുംബ യൂണിറ്റിലെ അലക്സ് എന്ന കഥാപാത്രം തന്നെ സംബന്ധിച്ച് കുറച്ച് വെല്ലുവിളിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് വിനയ് ഇക്കാര്യം പറഞ്ഞത്.
‘ഈയടുത്ത് ചെയ്തതില് എനിക്ക് ഏറ്റവും ചലഞ്ചിങ്ങായത് ബെത്ലഹേമിലെ അലക്സ് എന്ന ക്യാരക്ടറാണ്. പുറത്തുനിന്ന് നോക്കുമ്പോള് ആര്ക്കും അത് തോന്നില്ല. കാരണം, ആ പടത്തില് എനിക്ക് ആകെ അഞ്ചോ ആറോ സീനുകളേ ഉണ്ടായിരുന്നുള്ളൂ. ബാക്കി കഥാപാത്രങ്ങളെ നോക്കിയാല് അവര് ആദ്യം മുതലേ ത്രൂ ഔട്ടുണ്ട്. എന്റെ ക്യാരക്ടര് ഇടക്ക് മാത്രം വന്നുപോകുന്നയാളാണ്.
എന്നിട്ടും സിനിമ അവസാനിക്കുമ്പോള് എന്നെക്കുറിച്ച് ആളുകള് ചര്ച്ച ചെയ്യുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്ന ആളുകള് എന്നെ അങ്ങനെ ഓര്ത്തിരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഈയടുത്ത് ഞാന് ചെയ്ത പടങ്ങളൊക്കെ നോക്കിയാല് അതിലെല്ലാം ഇത്തരത്തില് അഞ്ചോ ആറോ സീനുകള് മാത്രമേയുള്ളൂ. അങ്ങനെയുള്ളപ്പോള് പടം കണ്ടിറങ്ങുന്നവര് എന്നെ ഓര്ത്തിരിക്കണമെന്ന് ചെറിയൊരു നിര്ബന്ധമുണ്ട്.
ഈ സിനിമയില് നോക്കിയാല് എന്റേത് കുറച്ച് വില്ലന് ടച്ചുള്ള ഒരു ക്യാരക്ടറാണ്. എല്ലാവരും വളരെ ജോളിയായി നില്ക്കുമ്പോള് ഒട്ടും ലൈക്കബിളിറ്റിയില്ലാത്ത ഞാന് ആ കൂട്ടത്തിലേക്ക് എന്റര് ചെയ്യുകയാണ്. ഈയൊരു കഥാപാത്രത്തെ കോമഡിയായി അവതരിപ്പിക്കക എന്ന് പറയുന്നത് ചലഞ്ചിങ്ങായി തോന്നി. ബെത്ലഹേം കണ്ടിറങ്ങുന്നവരുടെ മനസില് എന്നെക്കുറിച്ചും ചര്ച്ചകളുണ്ടാകുമെന്ന് ഉറപ്പാണ്,’ വിനയ് ഫോര്ട്ട് പറഞ്ഞു.
Content Highlight: Vinay Forrt saying Bethlehem Kudumba Unit was challenging for him