| Saturday, 31st October 2026, 9:48 pm

ഇവിടെ കായലില്ല ചേട്ടാ, ഇരുവഴിഞ്ഞി പുഴ മാത്രമേയുള്ളൂ; ബിജു മേനോനെപ്പോലും സൈഡാക്കി വിനയ് ഫോര്‍ട്ടിന്റെ അനി\

അമര്‍നാഥ് എം.

വലിയ ട്വിസ്‌റ്റോ ബഹളമോ ഇല്ലാതെ സിമ്പിളായി കഥ പറഞ്ഞ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍ റിലീസില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സിലാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ് സ്ട്രീം ചെയ്യുന്നത്.

ഉത്തരവാദിത്തമില്ലാത്ത അച്ഛന്‍ കാരണം കഷ്ടപ്പെടുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ടൈറ്റില്‍ റോളിലെത്തിയ ബിജു മേനോന്റെ പെര്‍ഫോമന്‍സ് തന്നെയാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ ഹൈലൈറ്റ്. സിമ്പിളായിട്ടുള്ള ബിജു മേനോന്റെ പ്രകടനം ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം കൂടുതല്‍ ചര്‍ച്ചയാവുകയാണ്.

അവറാച്ചൻ ആൻഡ് സൺസ്. Photo. IMDb

നായകനായ ബിജു മേനോനൊപ്പം പലരും എടുത്തുപറയുന്ന പ്രകടനമാണ് വിനയ് ഫോര്‍ട്ടിന്റേത്. രണ്ടാം പകുതിയില്‍ പ്രത്യക്ഷപ്പെട്ട് വളരെ കുറച്ച് സീനുകള്‍ മാത്രമേ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന അനി എന്ന കഥാപാത്രത്തിനുള്ളൂ. വരുന്ന സീനുകളിലെല്ലാം ഗംഭീര സ്‌കോറിങ്ങാണ് അനി നടത്തുന്നത്. മദ്യപാനവും ലഹരി ഉപയോഗവുമായി നടക്കുന്ന, ഒരു ഉത്തരവാദിത്തവുമില്ലാത്ത ടോക്‌സിക്കായ കഥാപാത്രമാണ് അനി.

അനിയുടെ ഉപദ്രവം കാരണം ഡിവോഴ്‌സ് വാങ്ങിപ്പോയ കഥാപാത്രമാണ് ഗ്രേസ് ആന്റണി അവതരിപ്പിക്കുന്ന ബിന്‍സി. ഡിവോഴ്‌സ് വാങ്ങിപ്പോയെങ്കിലും സ്‌നേഹത്തിന്റെ പേരില്‍ ബിന്‍സിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന അനിയെ പ്രേക്ഷകരിലേക്ക് കൃത്യമായി കണക്ട് ചെയ്യാന്‍ വിനയ് ഫോര്‍ട്ടിന് സാധിച്ചിട്ടുണ്ട്. സമീപകാലത്ത് വിനയ് ചെയ്ത കഥാപാത്രങ്ങളില്‍ വ്യത്യസ്തമായ ഒന്നാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സിലെ അനി.

ചെറിയ ഡയലോഗുകളില്‍ പോലും ചിരിയുണര്‍ത്താന്‍ വിനയ്ക്ക് സാധിക്കുന്നുണ്ട്. ബിന്‍സിയുടെ പിന്നാലെ നടന്നാല്‍ കൈയും കാലും തല്ലിയൊടിച്ച് കായലില്‍ താഴ്ത്തുമെന്ന് അവറാച്ചന്‍ ഭീഷണിപ്പെടുത്തുമ്പോള്‍ ‘ഇവിടെ കായലില്ല ചേട്ടാ, പുഴ മാത്രമേയുള്ളൂ. ഇരുവഴിഞ്ഞിപ്പുഴ. അവിടെയാണ് മൊയ്തീനിക്കയെ താഴ്ത്തിയത്’ എന്നാണ് അനിയുടെ മറുപടി.

പള്ളിയില്‍ വെച്ച് ബിന്‍സിയെ ശല്യം ചെയ്യുന്ന അനിയെ അവറാച്ചനും കൂട്ടരും കൈകാര്യം ചെയ്യുന്നുണ്ട്. അടിയെല്ലാം കൊണ്ട ശേഷം എഴുന്നേറ്റ് വരുന്ന അനി ആദ്യം ചോദിക്കുന്നത് ‘എന്റെ കൂള്‍ (ലഹരി) എവിടെ’ എന്നാണ്. ഇത്തരത്തില്‍ ഓരോ ചെറിയ ഡയലോഗിലും ശ്രദ്ധ നേടാന്‍ വിനയ്ക്ക് സാധിച്ചിട്ടുണ്ട്. ടോക്‌സിക്കും നാര്‍സിസ്റ്റുമായ ഈ കഥാപാത്രത്തെ എവിടെയും ഗ്ലോറിഫൈ ചെയ്യാതെ, വെറും കോമാളിയെപ്പോലെ അവതരിപ്പിച്ചതില്‍ സംവിധായകന്‍ പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ട്.

Content Highlight: Vinay Forrt’s character in Avarachan and Sons movie getting appreciations

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more