മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. ‘ഋതു, പ്രേമം, തമാശ, മാലിക്, ആട്ടം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിലും ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിലും താരം ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം മോഹിനിയാട്ടത്തിലും പൊലീസ് വേഷത്തിലെത്തി അദ്ദേഹം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിരുന്നു. ഇപ്പോഴിതാ മോഹിനിയാട്ടത്തിൽ താൻ എത്തിപെട്ടതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടൻ. അവറാച്ചൻ ആൻഡ് സൺസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
വിനയ് ഫോർട്ട്.Photo: Screen Grab/ Youtube
‘കൃഷ്ണദാസ് എന്നോടാണ് ആദ്യം ഭരതനാട്യത്തിന്റെ കഥ പറയുന്നത്. പക്ഷേ എനിക്ക് അതിലേക്ക് എത്തിപ്പെടാനോ ആ കഥാപാത്രം ചെയ്യാനോ സാധിച്ചില്ല. സിനിമയിൽ സൈജു ചെയ്ത കഥാപാത്രം ആദ്യം എന്നോട് പറഞ്ഞതായിരുന്നു. ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചേരുമ്പോഴാണല്ലോ ഒരു സിനിമ ഉണ്ടാകുന്നത്. അന്ന് എനിക്ക് അത് ചെയ്യാൻ സാധിച്ചില്ല. പക്ഷേ സൈജു അത് എന്നെക്കാൾ മനോഹരമായി ചെയ്തു,’ വിനയ് പറഞ്ഞു.
ഭരതനാട്യം കഴിഞ്ഞതിന് ശേഷം കൃഷ്ണദാസുമായി താൻ പ്രത്യേകിച്ച് ഫോളോ അപ്പ് നടത്തിയിരുന്നില്ലെന്നും വിനയ് വ്യക്തമാക്കി. സിനിമ കണ്ടതിന് ശേഷം അദ്ദേഹത്തെ വിളിച്ച് സംസാരിക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് പുതിയ സിനിമയുടെ കഥാപാത്രവുമായി കൃഷ്ണദാസ് വീണ്ടും തന്നെ സമീപിച്ചുവെന്നും വിനയ് പറഞ്ഞു.
‘ഭരതനാട്യം കഴിഞ്ഞിട്ട് ഞാൻ കൃഷ്ണദാസിനെ വിളിക്കുകയോ പ്രത്യേകിച്ച് ഫോളോ അപ്പ് ചെയ്യുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും അദ്ദേഹം വീണ്ടും എന്റെ അടുത്തേക്ക് വന്നു. അങ്ങനെയാണ് മോഹിനിയാട്ടത്തിലെ കഥാപാത്രം എന്നോട് പറയുന്നത്. ഒരു സിനിമയുടെ ഭാഗമാകുമ്പോൾ സ്വാഭാവികമായും ഫിലിം മേക്കറോട് ഒരു കമ്മിറ്റ്മെന്റ് തോന്നും. അവരുടെ സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യണമെന്നൊരു അവസ്ഥയിലേക്ക് നമ്മൾ എത്തും. അവർ പ്രത്യേകിച്ച് ഒന്നും ചെയ്യണമെന്നില്ല, പക്ഷേ അവരുടെ ഒരു എനർജി നമുക്ക് ഫീൽ ചെയ്യാൻ പറ്റും. അതെനിക്ക് അപ്പോ തോന്നി,’ വിനയ് പറഞ്ഞു.
മോഹിനിയാട്ടം . Photo. Screen Grab/ Youtube
ഭരതനാട്യം ഒ.ടി.ടി.യിൽ ശ്രദ്ധിക്കപ്പെട്ട സിനിമയായതിനാൽ കൃഷ്ണദാസ് അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ സാധാരണ ഒരു സംവിധായകൻ പറയുന്നതുപോലെ നല്ല പ്രതികരണം ലഭിച്ച സിനിമയെന്നായിരിക്കും പറയുകയെന്നാണ് താൻ കരുതിയിരുന്നതെന്നും വിനയ് പറഞ്ഞു. എന്നാൽ കൃഷ്ണദാസിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഏട്ടാ, ഭരതനാട്യം അറിയാല്ലോ അത് ഒ.ടി.ടി.യിൽ പൊട്ടി, തിയേറ്ററിലും പൊട്ടി. ഒ.ടി.ടി.യിൽ ഇറങ്ങിയപ്പോൾ കുറച്ച് ആളുകൾ നല്ലതെന്ന് പറഞ്ഞു. പക്ഷേ അടുത്ത ഈ സിനിമ തിയേറ്ററിൽ ഓടണം എന്നുള്ളതാണ് എന്റെ ആഗ്രഹം എന്നാണ് കൃഷ്ണദാസ് പറഞ്ഞത്. അങ്ങനെയാണ് ഞാൻ ആ സിനിമ ചെയ്തിട്ടുള്ളത്. പിന്നെ നല്ലൊരു ടീമായിരുന്നു. എല്ലാവര്ക്കും പടം വിജയിക്കണമെന്നുണ്ടായിരുന്നു,’ വിനയ് പറഞ്ഞു.
Content Highlight: Vinay Forrt opens up about missing out on being part of ‘Bharathanatyam’