പഴയകാല മലയാള സിനിമയിലെ വില്ലന്‍മാരെ ഓര്‍ക്കുമ്പോള്‍ തന്നെ ചുവന്ന കണ്ണുകളും വായില്‍ ബീഡയും മുറുക്കാനും ഒക്കെയാണ് പലരുടെയും മനസിലേക്ക് ആദ്യം വരുന്നത്.
എന്നാല്‍ ഇന്നത്തെ സിനിമയില്‍ അത്തരം ‘കൊടൂര വില്ലന്‍മാരെ’ കാണാനാകില്ലെന്ന് പറയുകയാണ് നടന്‍ സുരേഷ് കൃഷ്ണ. സിനിമയുടെ രീതിയും തിരക്കഥയും കഥാപാത്രങ്ങളുടെ അവതരണവുമെല്ലാം മാറിയതോടെയാണ് പഴയകാല വില്ലന്‍ കഥാപാത്രങ്ങളും മാറിയതെന്ന് അദ്ദേഹം പറയുന്നു.
പഴയകാല സിനിമകളില്‍ വില്ലന്‍ വേഷത്തിനായി നടത്തുന്ന ഒരുക്കങ്ങളെ കുറിച്ചും സുരേഷ് കൃഷ്ണ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.
‘പണ്ടത്തെ സിനിമയിലെപ്പോലെ കൊടൂര വില്ലന്‍മാര്‍ ഇപ്പോള്‍ ഇല്ല. സിനിമയുടെ രീതി തന്നെ മാറിപ്പോയി. പണ്ട് മുഖത്തൊരു ഉണ്ണിയൊക്കെ വെക്കും. എന്നെ സ്ഥിരമായി കൊണ്ടുപോയി ഈ കണ്ണ് ചുവപ്പിക്കും. ചുണ്ടപ്പൂ എന്നാണ് പറയുന്നത്. അത് ഏറ്റവും അധികം ഉപയോഗിച്ച ആള്‍ക്ക് അവാര്‍ഡ് ഉണ്ടെങ്കില്‍ എനിക്ക് കിട്ടും,’ സുരേഷ് കൃഷ്ണ പറഞ്ഞു.
ചുണ്ടപ്പൂ ഉപയോഗിച്ചതിന്റെ ഭാഗമായി കണ്ണിന് അലര്‍ജിയുണ്ടായിരുന്നതായും താരം പറയുന്നു. ചിലപ്പോള്‍ വൈകുന്നേരത്തോടെ മാറുമെങ്കിലും ചില സമയത്ത് മൂന്ന് ദിവസം വരെ കണ്ണ് ചുവന്നിരിക്കുമായിരുന്നു.
‘രാവിലെ ശരവണഭവനില്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പോകുമ്പോള്‍ കണ്ണ് ചുവന്നിരിക്കും. ആളുകള്‍ വിചാരിക്കും നമ്മള്‍ വെള്ളമടിച്ചുവരികയാണെന്ന്. പൊലീസ് പിടിക്കും. ഊതാന്‍ പറയും. അപ്പോള്‍ കുഴപ്പമൊന്നും ഉണ്ടാവില്ല,’ സുരേഷ് കൃഷ്ണ ഓര്‍ത്തെടുത്തു.
അക്കാലത്തെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ബീഡയും മുറുക്കാനും നിര്‍ബന്ധമായിരുന്നുവെന്നും താരം പറയുന്നു. ‘വില്ലന്‍മാരാണെങ്കില്‍ ബീഡ വെച്ച് മുറുക്കണം. ചുണ്ടപ്പൂ വേണം. ഒരു ഉണ്ണിയും വേണം. ഈ മുറുക്കാന്‍ ചവച്ചിരിക്കുമ്പോള്‍ മുന്നിലൂടെ ഫ്രൂട്ട്സും ജ്യൂസുമൊക്കെ പോകും. നമുക്ക് ചോദിക്കാനും കഴിയില്ല, തരത്തുമില്ല. അതൊക്കെ ഒരു കാലഘട്ടം. അതൊക്കെയാണ് കൊടൂര വില്ലന്‍,’ സുരേഷ് കൃഷ്ണ പറഞ്ഞു.
എന്നാല്‍ അന്നത്തെ ഇത്തരം വില്ലന്‍ കഥാപാത്രങ്ങളെയും തങ്ങള്‍ വലിയ ഗൗരവത്തോടെ കണ്ടിരുന്നില്ലെന്നും താരം പറയുന്നു. ‘അന്നും നമ്മള്‍ ഇതിനെ കോമഡിയായിട്ടാണ് എടുത്തുകൊണ്ടിരുന്നത്. അടി കിട്ടിയാലും ചിരിച്ചുകൊണ്ടാണ് പോകുന്നത്,’ അദ്ദേഹം പറഞ്ഞു.
ഇപ്പോഴും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ പഴയകാലത്തെ അതേ ശൈലിയിലുള്ള വില്ലന്‍ കഥാപാത്രങ്ങളായിരിക്കില്ല അവയെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി.
‘ഞാന്‍ ഇപ്പോഴും നെഗറ്റീവ് വേഷം ചെയ്യും. പക്ഷേ ആ പഴയ സ്‌റ്റൈല്‍ ഉണ്ടാവില്ല. ഇന്ന് സിനിമ മാറി, തിരക്കഥയും ഡയലോഗുകളുമെല്ലാം മാറി. ഇന്ന് കണ്ണ് ചുവപ്പിക്കേണ്ട കാര്യമില്ല. അത്തരം ഷേഡുള്ള ഒരുപാട് നല്ല കഥാപാത്രങ്ങള്‍ വരുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു. പഴയകാലത്തെ ഫൈറ്റ് രംഗങ്ങള്‍ ചെയ്യുന്നതിലും വലിയ റിസ്‌കുണ്ടായിരുന്നുവെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
Content Highlight: Villain Had to Have a Beedi and Red Lips; Police Even Stopped Me Seeing My Red Eyes”: Suresh Krishna