തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ കെ.എസ്.യു ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വീണാ ജോര്‍ജിനെതിരെ കണ്ണൂരിലുണ്ടായ ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോളാണ് വീണ ജോര്‍ജിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മന്ത്രിയുടെ വാഹനം തടഞ്ഞാണ് കെ.എസ്.യു പ്രതിഷേധിച്ചത്. ഇതിനിടെ മന്ത്രിയും കൈക്കും കഴുത്തിനും പരിക്കേല്‍ക്കുകയായിരുന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ലെന്നും ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതുമാണ്.
എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിലവിലുണ്ടായത് സ്ത്രീകള്‍ക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാനും റീത്ത് വെക്കാനും യൂത്ത് കോണ്‍ഗ്രസുകാരെ ഇറക്കിവിട്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഇതിനുപിന്നില്‍ നിരന്തരം നുണയും വെറുപ്പും പ്രചരിപ്പിച്ച് അണികളെ അക്രമോത്സുകരാക്കുന്ന കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ശൈലിയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന പ്രതിപക്ഷത്തിന്റെ ശൈലിയുടെ പ്രതിഫലനമാണ് കെ.എസ്.യു അക്രമികളിലൂടെ പുറത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Vile politics, condemnable; Chief Minister in KSU protest against Veena George
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ