| Friday, 14th November 2025, 9:46 pm

യുദ്ധം മോഹനനും ഭാസ്‌കരനും തമ്മില്‍, ചന്ദനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയുമായി വിലായത്ത് ബുദ്ധയുടെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന്റെ കരിയറില്‍ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടുകളിലൊന്നായിട്ടാണ് വിലായത്ത് ബുദ്ധയെ കണക്കാക്കുന്നത്. 2021ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. ആടുജീവിതം, എമ്പുരാന്‍ എന്നീ സിനിമകളുടെ തിരക്ക് കാരണം പല ഷെഡ്യൂളുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

മറയൂരിലെ ചന്ദന കടത്തുകാരനായ ഡബിള്‍ മോഹനനും അയാളുടെ അധ്യാപകനായ ഭാസ്‌കരനും തമ്മിലുള്ള ഈഗോ ക്ലാഷാണ് വിലായത്ത് ബുദ്ധയുടെ പ്രമേയം. ജി.ആര്‍. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടായിരുന്നു വിലായത്ത് ബുദ്ധ.

എന്നാല്‍ സച്ചിയുടെ മരണത്തിന് ശേഷം ജയന്‍ നമ്പ്യാര്‍ വിലായത്ത് ബുദ്ധയുടെ സംവിധാന ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇന്ദുഗോപന്റെ നോവലില്‍ നിന്ന് വ്യത്യസ്തമായി ചില കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്ന് ട്രെയ്‌ലര്‍ സൂചന നല്കുന്നുണ്ട്. ഭാസ്‌കരനെക്കാള്‍ പ്രാധാന്യം മോഹനന് നല്കിയിട്ടുണ്ടെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

ചന്ദനത്തടികളില്‍ ഏറ്റവും ശുദ്ധമായതെന്ന് കരുതപ്പെടുന്ന വിലായത്ത് ബുദ്ധ എന്ന മരം വളര്‍ത്തുന്ന ഭാസ്‌കരനും അത് മോഷ്ടിക്കാന്‍ ശ്രമിക്കുന്ന മോഹനനും തമ്മിലുള്ള പോരാട്ടമാണ് വിലായത്ത് ബുദ്ധയിലെ പ്രധാന പ്ലോട്ട്. ഷമ്മി തിലകനാണ് ഭാസ്‌കരനായി വേഷമിടുന്നത്. ഷമ്മി തിലകന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും വിലായത്ത് ബുദ്ധയിലേതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

2022ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനിടെ പൃഥ്വിക്ക് അപകടം സംഭവിച്ചതും ഷൂട്ട് നീളാന്‍ കാരണമായി. 30 കോടിയോളം ബജറ്റിലാണ് വിലായത്ത് ബുദ്ധ പൂര്‍ത്തിയാക്കിയത്. ഉര്‍വശി തിയേറ്റേഴ്‌സും എ.വി.എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പൃഥ്വിരാജിനും ഷമ്മി തിലകനും പുറമെ വന്‍ താരനിര വിലായത്ത് ബുദ്ധയില്‍ അണിനിരക്കുന്നുണ്ട്. പ്രിയംവദ കൃഷ്ണന്‍, അനു മോഹന്‍, ധ്രുവന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. കാന്താരയുടെ ഛായാഗ്രഹണം നിര്‍വഹിച്ച അരവിന്ദ് എസ്. കശ്യപാണ് വിലായത്ത് ബുദ്ധക്കായി ക്യാമറ ചലിപ്പിക്കുന്നത്. നവംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vilayath Budha trailer out now

We use cookies to give you the best possible experience. Learn more