കഴിഞ്ഞവര്‍ഷം ബോക്‌സ് ഓഫീസില്‍ തിളങ്ങിയ താരങ്ങള്‍ക്കെല്ലാം കൂട്ടത്തോടെ അടിതെറ്റിയ വര്‍ഷമായാണ് 2025നെ കണക്കാക്കുന്നത്. പല വമ്പന്‍ സിനിമകളും ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയാണ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞത്. ആ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ.
മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 40 കോടിയോളം ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ പകുതി ബജറ്റ് പോലും ബോക്‌സ് ഓഫീസില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടില്ല. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 10 കോടിക്ക് താഴെയാണ് വിലായത്ത് ബുദ്ധയുടെ കളക്ഷന്‍.
Sarzameen/ Theatrical poster
സമ്മിശ്ര പ്രതികരണം സ്വന്തമാക്കിയ ചിത്രം പ്രൊമോഷന്‍ കുറവായതിനാലാണ് പ്രേക്ഷകരിലേക്കെത്താതെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞവര്‍ഷം 150 കോടി നേടിയ ഒരു ചിത്രം 90 കോടി നേടിയ മറ്റൊരു ചിത്രവും പൃഥ്വിയുടെ പേരിലുണ്ടായിരുന്നു. ഈ വര്‍ഷം സംവിധായക വേഷമണിഞ്ഞ എമ്പുരാന്‍ വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കിയത് മാറ്റിനിര്‍ത്തിയാല്‍ പൃഥ്വിയെ സംബന്ധിച്ചിടത്തോളം നിരാശയാണ്.
നേരിട്ട് ഒ.ടി.ടിയിലെത്തിയ ബോളിവുഡ് ചിത്രം സര്‍സമീന്‍ ട്രോള്‍ മെറ്റീരിയലായി മാറി. ഇപ്പോഴിതാ വിലായത്ത് ബുദ്ധയും പരാജയത്തിലേക്ക് കുതിക്കുകയാണ്. എന്നാല്‍ പൃഥ്വിയുടെ വരാനിരിക്കുന്ന പ്രൊജക്ടുകളെല്ലാം പ്രതീക്ഷ നല്കുന്നവയാണ്. നിസാം ബഷീര്‍ ഒരുക്കുന്ന ഐ ആം നോബഡി, വൈശാഖിന്റെ ഖലീഫ എന്നിവയും രാജമൗലിയുടെ വാരണാസിയും പൃഥ്വിയുടെ റേഞ്ച് വ്യക്തമാക്കുമെന്ന് ഉറപ്പാണ്.
എന്നാല്‍ പൃഥ്വിരാജ് മാത്രമല്ല, മലയാളത്തിലെ പല ബ്രാന്‍ഡുകളും ഈ വര്‍ഷം നിരാശപ്പെടുത്തിയിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ സെന്‍സേഷന്‍ ഫഹദ് നായകനായെത്തിയ ഓടും കുതിര ചാടും കുതിര ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. 30 കോടിക്ക് ഒരുങ്ങിയ ചിത്രം വെറും നാല് കോടി മാത്രമാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്.
ഓരോ സിനിമയിലും മിനിമം ഗ്യാരണ്ടി വെച്ചുപുലര്‍ത്തുന്ന വിനീത് ശ്രീനിവാസനും ഇക്കുറി അടിതെറ്റി. സുഹൃത്തായ നോബിളിന്റെ സ്‌ക്രിപ്റ്റില്‍ അയാളെ നായകനാക്കി ഒരുക്കിയ കരവും ഇന്‍ഡസ്ട്രിയിലെ വമ്പന്‍ പരാജയങ്ങളിലൊന്നായി മാറി. 25 കോടിയോളം ബജറ്റിലെത്തിയ കരം രണ്ട് കോടി പോലും നേടാതെയാണ് മടങ്ങിയത്. ഈ വര്‍ഷം പല താരങ്ങളും നിരാശപ്പെടുത്തിയെങ്കിലും വരും പ്രൊജക്ടുകളിലൂടെ ഇവരുടെയെല്ലാം തിരിച്ചുവരവ് കാണാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Vilayath Buddha struggling in Box Office