യുവേഫ നേഷന്‍സ് ലീഗില്‍ സ്പെയ്നിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കിരീടമണിഞ്ഞിരുന്നു. ജര്‍മനി, മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. നേഷന്‍സ് ലീഗ് ചരിത്രത്തില്‍ പറങ്കിപ്പടയുടെ രണ്ടാം കിരീടമാണിത്. ഇതോടെ ഒന്നിലധികം തവണ നേഷന്‍സ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് റൊണാള്‍ഡോയും പോര്‍ച്ചുഗലും സ്വന്തമാക്കിയത്.
സ്പെയ്നിനായി മാര്‍ട്ടിന്‍ സുബിമെന്‍ഡിയും മൈക്കല്‍ ഒയാര്‍സബാലും ഗോള്‍ കണ്ടെത്തിയപ്പോള്‍ നുനോ മെന്‍ഡിസും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ കണ്ടെത്തിയത്. ആഡ് ഓണ്‍ ടൈമിലും എക്സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് കടന്നു. ഷൂട്ട്ഔട്ടില്‍ 5-3ന് വിജയിച്ചാണ് പറങ്കിപ്പട രണ്ടാം കീരീടം ലിസ്ബണിലെത്തിച്ചത്.
കലാശപ്പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ എട്ടാം ഗോളാണ് റൊണാള്‍ഡോ അടിച്ചെടുത്തത്. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഗോള്‍ സ്വന്തമാക്കിയ താരം ഫൈനലിലും ഗോള്‍ നേടി ടീമിന്റെ വിജയത്തിലും നിര്‍ണായകമായി.
ഗ്രൂപ്പ് ഘട്ടത്തിലും നോക്ക്ഔട്ട് മത്സരത്തിലുമായി എട്ട് ഗോള്‍ നേടിയെങ്കിലും നേഷന്‍സ് ലീഗിലെ ടോപ് സ്‌കോററാകാന്‍ റൊണാള്‍ഡോക്ക് സാധിച്ചില്ല. ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമന്‍ അങ്ങ് താഴെയാണ്, ലീഗ് സി-യില്‍.
സ്വീഡിഷ് സൂപ്പര്‍ താരം വിക്ടര്‍ ഗ്യോക്കറസാണ് ഗോള്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. ലീഗ് സി ഗ്രൂപ്പ് വണ്ണിലാണ് സ്വീഡന്‍ മാറ്റുരച്ചത്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയുമായി 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെ അടുത്ത നേഷന്‍സ് ലീഗില്‍ ലീഗ് ബി-യിലേക്ക് പ്രൊമോഷന്‍ നേടാനും സ്വീഡന് സാധിച്ചു.
ടീമിന്റെ ഈ നേട്ടത്തില്‍ നിര്‍ണായകമായത് ഗ്യോക്കറസ് തന്നെയാണ്. ടീം ആകെ നേടിയതിന്റെ പകുതിയിലേറെ ഗോളും സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ മുന്നേറ്റക്കാരന്‍ തന്നെയാണ് സ്വന്തമാക്കിയത്. ആറ് മത്സരത്തില്‍ നിന്നും ആകെ അടിച്ചുകൂട്ടിയത് ഒമ്പത് ഗോള്‍.
കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും താരം ഗോള്‍ കണ്ടെത്തി. സ്ലോവാക്യക്കെതിരെ സമനിലയില്‍ കുരുങ്ങിയ ഒറ്റ മത്സരത്തില്‍ മാത്രമാണ് താരത്തിന് വലകുലുക്കാന്‍ സാധിക്കാതെ പോയത്.
അസര്‍ബൈജാനെതിരെ കളിച്ച ആദ്യ മത്സരത്തില്‍ സ്വീഡന്‍ 3-1ന് വിജയിച്ചിരുന്നു. ഇതില്‍ ഒരു ഗോളാണ് ഗ്യോക്കറസിന്റെ സംഭാവന. എസ്‌റ്റോണിയക്കെതിരായ ആദ്യ മത്സരം 3-0ന് വിജയിച്ചപ്പോള്‍ രണ്ട് ഗോളും രണ്ടാം മത്സരവും 3-0ന് വിജയിച്ചപ്പോള്‍ ഒരു ഗോളും താരം അടിച്ചെടുത്തു.
സ്ലോവാക്യയ്‌ക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ 2-1നാണ് ടീം വിജയിച്ചത്. ഇതില്‍ ഒരു ഗോള്‍ ഗ്യോക്കറസ് സ്വന്തമാക്കി.
ടൂര്‍ണമെന്റില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ അസര്‍ബൈജാനെ എതിരില്ലാത്ത ആറ് ഗോളിനാണ് സ്വീഡിഷ് ആര്‍മി തകര്‍ത്തുവിട്ടത്. ഇതില്‍ നാല് ഗോളും പിറവിയെടുത്തത് ഗ്യോക്കറസിലൂടെയാണ്.
നേരത്തെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ഗ്യോക്കറസിനെ ആരാധകര്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. സ്വീഡനില്‍ സ്ലാട്ടന്‍ ഇബ്രഹാമോവിച്ചിന്റെ ലെഗസി ആര് പിന്തുടരുമെന്ന ചോദ്യത്തിന് കൂടിയാണ് ഗ്യോക്കറസ് ഉത്തരം നല്‍കിയിരിക്കുന്നത്.
Content Highlight: Viktor Gyökeres finishes as the Nations League top scorer