12th ഫെയില്‍ എന്ന ഒറ്റ ചിത്രം മതി വിക്രാന്ത് മാസിയെ പ്രേക്ഷകര്‍ ഓര്‍ക്കാന്‍. ധൂം മച്ചാവോ ധൂം എന്ന ടെലിവിഷന്‍ ഷോയിലൂടെ അഭിനയ ജീവിതം ആരംഭിച്ച വിക്രാന്ത്മാസി 2009ല്‍ ബാലികാ വധു എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ടു. 2013ല്‍ പുറത്തിറങ്ങിയ ലൂട്ടേര എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം എ ഡെത്ത് ഇന്‍ ദ ഗഞ്ച് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.
പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും 12th ഫെയ്‌ലിലെ കഥാപാത്രമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരം 2025ല്‍ സിനിമയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഫിലിം ഫേയര്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ തന്നെ കഥാപാത്രങ്ങള്‍ പലപ്പോഴും പിന്തുടരാറുണ്ടെന്ന് വിക്രാന്ത് മാസി പറയുന്നു. സിനിമയും കഥാപാത്രങ്ങളും തന്നെ വിട്ട് അത്ര പെട്ടെന്ന് പോകാറില്ലെന്നും നടന്‍ പറഞ്ഞു.
‘എ ഡെത്ത് ഇന്‍ ദി ഗഞ്ച്, ലവ് ഹോസ്റ്റല്‍, 12th ഫെയില്‍ എന്നീ സിനിമകളിലൊക്കെ എനിക്ക് ഈ പ്രശ്‌നം ഉണ്ടായിരുന്നു. എ ഡെത്ത് ഇന്‍ ദി ഗഞ്ചിന്റെ സെറ്റില്‍ നിന്ന് ഞാന്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അമ്മ വാതില്‍ തുറന്നയുടനെ എന്നോട് ചോദിച്ചു, ‘നി ഓക്കെയാണോ എന്ന്.
അമ്മക്ക് എന്റെ മുഖത്ത് നിന്ന് മനസിലാക്കാമായിരുന്നു. അപ്പോഴാണ് ഞാനാ കഥാപാത്രത്തില്‍ തന്നെയാണെന്നത് മനസിലായത്. ആ കഥാപാത്രത്തില്‍ നിന്ന് വിട്ടുമാറാന്‍ കുറെ സമയമെടുത്തു. ഇമോഷണല്‍ വള്‍നറബിളിറ്റിയില്‍ ഞാന്‍ മുമ്പ് വിശ്വസിച്ചിരുന്നില്ല. ആ സിനിമയുടെ സെറ്റില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി,’ വിക്രാന്ത് പറയുന്നു.
ഒരു രക്ഷിതാവാകുന്നതുവരെ നിങ്ങളുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥ ആഴം നിങ്ങള്‍ക്ക് മനസിലാകില്ലെന്നും തനിക്ക് ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ മാത്രമല്ല ശീതള്‍ ശാരീരികമായും വൈകാരികമായും മാറുന്നത് കണ്ടപ്പോള്‍ താന്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കിയെന്നും നടന്‍ പറഞ്ഞു. ഗര്‍ഭിണിയാകുന്നത് മുതല്‍ കുഞ്ഞുണ്ടാകുന്നത് വരെയുള്ള ആ യാത്ര തങ്ങളെ മുഴുവന്‍ മാറ്റിമറിച്ചുവെന്നും വിക്രാന്ത് കൂട്ടിച്ചേര്‍ത്തു.
Content Highlight: Vikrant Massey says that characters often follow him
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ