| Friday, 23rd October 2015, 12:42 pm

വിക്രം മലയാളത്തിലെത്തും; തിരക്കഥയോട് 'യെസ്' മൂളി

ഡൂള്‍ന്യൂസ് ഡെസ്‌ക്


തമിഴ് നടന്‍ വിക്രം വീണ്ടും മലയാളത്തിലെത്തുന്നതായി റിപ്പോര്‍ട്ട്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത വിക്രം, ഇന്ത്യ കണ്ട മികച്ച നടന്മാരിലൊരാളായി മാറിയ ശേഷം മലയാളത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. മമ്മൂട്ടി നായകനായ സൈന്യം, ധ്രുവം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ സിനിമകളിലെല്ലാം വിക്രം ചെറിയ റോളുകളില്‍ അഭിനയിച്ചിരുന്നു. ഇന്ദ്രിയം ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച മലയാള ചിത്രം.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം വിക്രം ധാരാളം മലയാളം തിരക്കഥകള്‍ കേള്‍ക്കുന്നുണ്ട്. അവയില്‍ ഒരു തിരക്കഥയില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതായും, സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കിയതായും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുകയും ചെയ്യുന്നു.

ഇതിനുമുമ്പ് “ഐ”യുടെ പ്രൊമോഷനായി കേരളത്തിലെത്തിയിരുന്ന വിക്രം തനിക്ക് മലയാളം സിനിമയിലഭിനയിക്കണമെന്ന് മനസ്സു തുറന്നിരുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നായിരുന്നു പറഞ്ഞത്. അതേസമയം നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിനെ ഏറെ ആരാധിക്കുന്നുണ്ടെന്നും തന്മാത്ര, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെപ്പോലുള്ള ലാല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടം എന്നും പറഞ്ഞിരുന്നു.

എന്തായാലും ഏറെ വൈകാതെ തന്നെ വിക്രം മലയാളം പറയുമെന്നു പ്രതീക്ഷിക്കാം. എങ്കില്‍ ദേശീയ അവാര്‍ഡ് വരെ നേടിയ അദ്ദേഹം എന്തു വിസ്മയമാകും നമുക്കായി കരുതിവച്ചിട്ടുണ്ടാകുക? കാത്തിരിക്കാം.

We use cookies to give you the best possible experience. Learn more