| Saturday, 1st March 2025, 10:02 am

അബ്ബാസിനുവേണ്ടിയും ആ സൂപ്പര്‍സ്റ്റാറിന് വേണ്ടിയും ഞാന്‍ ഡബ്ബ് ചെയ്തതിട്ടുണ്ട്; റിസ്‌ക്ക് പിടിച്ചൊരു ജോലിയാണ്: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച നടനാണ് വിക്രം. ബാല സംവിധാനം ചെയ്ത സേതുവാണ് വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത്.

കൊമേഷ്സ്യല്‍ സിനിമകളിലൂടെയും കണ്ടന്റ് വാല്യൂവുള്ള സിനിമകളിലൂടെയും തമിഴിലെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറുന്ന വിക്രമിനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്. ബാലയുമായി രണ്ടാമത് ഒന്നിച്ച പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിയാന്‍ സ്വന്തമാക്കി.

നടന്‍ അജിത്തിന് വേണ്ടി ഡബ്ബ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് വിക്രം. അജിത്തിന് വേണ്ടി താണ് ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇനിയും മറ്റുള്ള നടന്മാര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ തയ്യാര്‍ ആണെന്നും വിക്രം പറയുന്നു. തന്റെ കരിയറിന്റെ ആദ്യകാലത്താണ് അജിത്തിന് വേണ്ടി ഡബ്ബ് ചെയ്തതെന്നും സേതു റിലീസ് ആയതിന് ശേഷം അബ്ബാസിന് വേണ്ടിയും ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഡബ്ബിങ് റിസ്‌ക്ക് പിടിച്ചൊരു ജോലിയാണെന്നും വിക്രം പറഞ്ഞു.

‘അജിത്തിന് വേണ്ടി ഞാന്‍ ഡബ്ബ് ചെയ്തതിട്ടുണ്ട്. ഇനിയും മറ്റുള്ള നടന്മാര്‍ക്ക് ഡബ്ബ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ, പ്രതിഫലം കൂടും കേട്ടോ (ചിരി). എന്റെ കരിയറിന്റെ ആദ്യ കാലത്താണ് ഞാന്‍ അജിത്തിനുവേണ്ടി ഡബ്ബ് ചെയ്തത്.

സേതു റിലീസ് ആയതിന് ശേഷം അബ്ബാസിനുവേണ്ടി ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുക. ഡബ്ബ് ചെയ്യുക എന്നത് റിസ്‌ക്ക് പിടിച്ചൊരു ജോലിയാണ്. പിന്നെ എല്ലാ ജോലികള്‍ക്കും അതിന്റേതായ വിഷമം ഉണ്ടല്ലോ,’ വിക്രം പറയുന്നു.

ഇതുവരെ ഷൂട്ടിന് പോയ ലൊക്കേഷനുകളില്‍ ഏറ്റവും ഇഷ്ടപെട്ട സ്ഥലത്തെ കുറിച്ചും വിക്രം സംസാരിച്ചു.

‘ചൈന തന്നെയാണ് എനിക്ക് ഇഷ്ടപെട്ട ലൊക്കേഷന്‍. ന്യൂസീലന്‍ഡില്‍ പോയിട്ടുണ്ടെങ്കിലും അതിനെക്കാള്‍ രസമാണ് ചൈന. ‘ഐ’യിലെ ‘പൂക്കളെ’ എന്ന പാട്ടിനിടയ്ക്ക് ഒരു തടാകം കാണിക്കുന്നുണ്ട്. നിറയെ പൂക്കളുള്ള ആ തടാകം മൊത്തം കെമിക്കലാണ്.

മീന്‍ പോയിട്ട് ഒരു ജീവിപോലും വളരില്ല. അതുകൊണ്ടുതന്നെ അതിലെ പൂക്കള്‍ വര്‍ഷങ്ങളായിട്ട് അതുപോലെ നില്‍ക്കും. പച്ചപ്പ് അതുപോലെ നില്‍ക്കും. കാണാന്‍ ഭയങ്കര രസമാണ്.

പിന്നെ ചൈന എന്ന് പറയുമ്പോള്‍ പുഴുവിനെ തിന്നുന്നു, പാമ്പിനെ തിന്നുന്നു എന്നൊക്കെയാണ് നമ്മള്‍ പറയുക. എന്നാല്‍ ഗ്രാമങ്ങളില്‍ ഷൂട്ടിന് പോയ സമയത്ത് മുട്ടയും ചോളവും ഉരുളക്കിഴങ്ങുമാണ് കഴിച്ചത്. സൂപ്പര്‍ ടേസ്റ്റ് ആയിരുന്നു. ചൈനയിലെ റെഡ് ബീച്ച് ഒക്കെ കാണേണ്ടതാണ്,’ വിക്രം പറഞ്ഞു.

Content highlight: Vikram says he dubbed for actor Ajith Kumar

We use cookies to give you the best possible experience. Learn more