ന്യൂദൽഹി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കഴിഞ്ഞ ദിവസം പുതിയ ബില്ലുമായി രംഗത്തെത്തിയ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. മഹാത്മാഗാന്ധിയുടെ പേരടക്കം നീക്കം ചെയ്യുന്ന, പഴയ പദ്ധതിയെ അട്ടിമറിക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ പദ്ധതിയിലുള്ളത്.
‘വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ’ എന്ന പേരിൽ വരുന്ന പുതിയ പദ്ധതിക്ക് 2025 ൽ പാർലമെന്റ് അംഗീകാരം നൽകും. ലോക്സഭയിൽ ഇന്ന് കേന്ദ്ര സർക്കാർ ബില്ലവതരിപ്പിക്കും.
സ്വാഭാവികമായും പദ്ധതി പൂർണമായും കേന്ദ്രസർക്കാരിന്റെ കീഴിലായിരിക്കും. എന്നാൽ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളും വഹിക്കണമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ ബില്ല് പ്രകാരം തൊഴിലാളികൾക്കുള്ള വേതനത്തിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കേണ്ടത്. തൊഴിലുറപ്പ് ദിനങ്ങൾ നൂറിൽ നിന്നും 125ആയി ഉയർത്തുമെന്നതാണ് മറ്റൊരു പരിഷ്‌ക്കാരം.
പ്രതിവർഷം 15 ലക്ഷം കോടി ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നതെന്നും ഇതിൽ 55,000 കോടി സംസ്ഥാനങ്ങൾ ചെലവഴിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്.
കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാനും ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും പങ്കാളിത്തം ഒഴിവാക്കി മൊബൈൽ, ബയോമെട്രിക്സ്, ജിയോ ടാഗിങ്, എ.ഐ ഓഡിറ്റിങ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളെ ഉപയോഗിക്കാനും പുതിയ പദ്ധതിയിലൂടെ നിർദേശിക്കുന്നു.
കേന്ദ്ര വിഹിതത്തിനുമപ്പുറമുള്ള അധിക ചെലവുകളാണ് സംസ്ഥാനങ്ങൾ വഹിക്കേണ്ടതെന്നും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഗ്രാമീണ മേഖലകളിൽ മാത്രമേ പദ്ധതി നടപ്പാക്കാവൂയെന്നും പദ്ധതിയിൽ പറയുന്നുണ്ട്.
ഇത് ലക്ഷകണക്കിന് കുടുംബങ്ങളെ പദ്ധതിയിൽ നിന്നും ഒഴിവാക്കുമെന്ന ആശങ്കയുളവാക്കുന്നുണ്ട്. പുതിയ പദ്ധതി പ്രകാരം ഏതെല്ലാം ജോലികൾ നൽകണമെന്നതിൽ കേന്ദ്രത്തിന്റെ ഇടപെടലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് നീക്കം ചെയ്യുന്നതിനോടൊപ്പം പദ്ധതിയുടെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിക്കുന്നതാണ് പുതിയ പദ്ധതിയിലെ വ്യവസ്ഥകൾ.
രാജ്യത്തെ ഗ്രാമീണ കുടുംബങ്ങളുടെ നട്ടെല്ലായി നിലകൊള്ളുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയില്‍ ബിൽ അവതരിപ്പിച്ചിരുന്നില്ല.
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു.
മഹാത്മാ ഗാന്ധിയുടെ പേര് നീക്കം ചെയ്തതിന് പിന്നിലെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശത്തെയും പ്രിയങ്ക ചോദ്യം ചെയ്തിരുന്നു.
2047 ലക്ഷ്യം വെച്ച് അവതരിപ്പിക്കുന്ന വികസിത് ഭാരത് എന്ന വീക്ഷണത്തിലേക്ക് രാജ്യത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് പേര് മാറ്റുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം.
കഴിഞ്ഞ 20 വര്‍ഷമായി ഗ്രാമങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്നും പദ്ധതിയില്‍ കൂടുതല്‍ ശക്തിപ്പെടുത്തല്‍ അനിവാര്യമാണെന്നും ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു.
Content Highlight: Radical reform; Center’s planned move to destroy the employment guarantee scheme; New provisions