| Saturday, 12th July 2025, 11:38 am

43ാം വയസിൽ സ്വതന്ത്രയാകാൻ തോന്നിയപ്പോഴാണ് മുടി മുറിച്ചത്: വിജി വെങ്കിടേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ ലൈല എന്ന കഥാപാത്രത്തിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് വിജി വെങ്കിടേശ്. പിന്നീട് മമ്മൂട്ടിയുടെ ഡൊമിനിക് ആന്ഡ് ദി ലേഡീസ് പേഴ്സ് എന്ന സിനിമയിലും അഭിനയിച്ചു. ബോബ് ചെയ്ത മുടിയുള്ള വിജിയെ എല്ലാവരും ശ്രദ്ധിച്ചു. അഭിനേത്രി മാത്രമല്ല മാക്‌സ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ഏഷ്യന്‍ റീജ്യണല്‍ ഹെഡ് ആണ് വിജി. ഇപ്പോൾ തൻ്റെ ലുക്കിനെക്കുറിച്ച് സംസാരിക്കുകയാണ് അവർ.

സ്ത്രീകളുടെ ജീവിതത്തെ നിർവചിച്ചിരിക്കുന്നത് വളരെ ഇടുങ്ങിയ രീതിയിലാണെന്നും ആഗ്രഹിക്കാത്ത വ്യക്ത‌ി ജീവിതത്തിലൂടെ അവർ കടന്നുപോകുന്നുണ്ടെന്നും വിജി പറയുന്നു. സ്വാഭാവിക വ്യക്തിത്വമനുസരിച്ച് ജീവിക്കാനാകുന്നില്ലെന്നും എന്നാൽ താൻ എന്താകണമെന്ന വ്യക്തമായ ധാരണ തനിക്കുണ്ടായിരുന്നെന്നും അവർ പറഞ്ഞു.

ജോലിക്ക് പോയപ്പോൾ നീളമുള്ള മുടി ബുദ്ധിമുട്ടായിരുന്നെന്നും നാൽപ്പത്തിമൂന്ന് വയസ് ആയപ്പോഴാണ് താൻ മുടി മുറിച്ചതെന്നും വിജി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അവർ.

‘നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ നിർവചിച്ചിരിക്കുന്നത് വളരെ ഇടുങ്ങിയ രീതിയിലാണ്. പെൺകുട്ടി, ഭാര്യ, സഹോദരി, അമ്മ എന്നീ അവസ്ഥകളിൽ തങ്ങളുടേതല്ലാത്ത താത്പര്യങ്ങളിലൂടെ, ആഗ്രഹിക്കാത്ത വ്യക്ത‌ി ജീവിതത്തിലൂടെയൊക്കെ അവർ കടന്നുപോകേണ്ടി വരാറുണ്ട്. സ്വാഭാവിക വ്യക്തിത്വം അനുസരിച്ച് ജീവിക്കാനാകാത്തവിധം വീട്ടിൽ തന്നെ ഒരസ്വാതന്ത്യം അനുഭവപ്പെട്ടെന്ന് വരും.

ഞാൻ എന്താകണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ പതിനാറാം വയസിൽ തന്നെ എനിക്കുണ്ടായിരുന്നു. അതേ സമയം നല്ല അയ്യർ പെൺകുട്ടിയായിരിക്കാനും ഇഷ്ടമായിരുന്നു.

ബോംബെ ലോക്കൽ ട്രെയിനിലാണ് അന്ന് ജോലിക്ക് പോയിരുന്നത്. നീളൻ മുടി ബുദ്ധിമുട്ടായിരുന്നു. നിത്യവും എണ്ണ തേച്ച് കുളിയും രാവിലെ ഉണങ്ങാത്ത മുടിയും കെട്ടിവച്ചുള്ള യാത്രയുമൊക്കെ ദക്ഷിണേന്ത്യൻ സ്ത്രീകൾക്ക് പതിവാണല്ലോ.

കുട്ടികൾ സ്‌കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ കൂടുതൽ സ്വതന്ത്രയായതായി എനിക്ക് തോന്നി. നാൽപത്തിമൂന്ന് വയസ് ആയപ്പോൾ സ്വയം ഒന്നു ‘ലൈറ്റ്’ ആകാൻ ഞാൻ മുടി മുറിച്ചതാണ്,’ വിജി വെങ്കിടേശ് പറയുന്നു.

Content Highlight: Viji Venkatesh Talking about Her Style

We use cookies to give you the best possible experience. Learn more