ന്യൂദല്‍ഹി: ലോക ബോക്‌സിങ് സംഘടനയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിംഗ് പത്താം സ്ഥാനത്ത്. ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയിറ്റ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയതാണ് വിജേന്ദറിന് കരിയറിലെ മികച്ച നേട്ടത്തിലെത്തിച്ചത്. ഈ വിഭാഗത്തില്‍ അമേരിക്കയുടെ ജെസ്സി ഹേര്‍ട്ടിനാണ് ഒന്നാം റാങ്ക്.
ഇതൊരു തുടക്കം മാത്രമാണെന്നും ലോക ഒന്നാം നമ്പറിലെത്തുകയാണ് ലക്ഷ്യമെന്നും വിജേന്ദര്‍ പ്രതികരിച്ചു. “എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു തുടക്കം മാത്രമാണ്. ഒരു ദിവസം ഞാന്‍ ലോക ഒന്നാം നമ്പറാവും. അതാണെന്റെ സ്വപ്നം. എനിക്കുറപ്പുണ്ട്, ഞാനത് നേടുമെന്ന്.” ബോക്‌സിങ്ങിലെ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ വിജേന്ദര്‍ പറഞ്ഞു.
മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ കെറി ഹോപ്പിനെ തോല്‍പ്പിച്ചാണ് വിജേന്ദര്‍ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയിറ്റ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. പത്ത റൗണ്ട് നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു വിജേന്ദറിന്റെ വിജയം.
അമേച്ച്വര്‍ രംഗം വിട്ട് പ്രൊഫഷണല്‍ രംഗത്തേക്ക് വന്നതിന് ശേഷം വിജേന്ദര്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഏഴ് മത്സരങ്ങളില്‍ ഏഴിലും വിജയിച്ചിരുന്നു. അതില്‍ ആറിലും വിജയം നോക്കൗട്ടിലൂടെ ആയിരുന്നു. വിജേന്ദറിന്റെ അടുത്ത മത്സരം കോമണ്‍വെല്‍ത്ത് ചാമ്പ്യനായ ലൂക്ക് ബ്ലാക്ക്‌ലെഡ്ജുമായാണ്.