| Tuesday, 22nd September 2026, 10:32 pm

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ വായിച്ച അതേ ഫീല്‍ പ്രഥമാ ദൃഷ്ട്യാ കുറ്റക്കാര്‍ക്കും ലഭിച്ചു: വിജയരാഘവന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള ചലച്ചിത്രരംഗത്ത് അഞ്ചു പതിറ്റാണ്ടോളമായി വില്ലന്‍, സഹനടന്‍ എന്നീ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് വിജയരാഘവന്‍. പ്രശസ്ത നാടകകൃത്തും നടനുമായ എന്‍. എന്‍. പിള്ളയുടെ മകനായ വിജയരാഘവന്‍ 1973-ല്‍ പുറത്തിറങ്ങിയ കാപാലിക എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ന്യൂഡല്‍ഹി, റാംജി റാവു സ്പീക്കിംങ്, ഏകലവ്യന്‍ എന്നീ ചിത്രങ്ങളില്‍ വിജയരാഘവന്‍ അവതരിപ്പിച്ച വില്ലന്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

പിന്നീട് മേലേപ്പറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി. മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, രാമലീല, പൂക്കാലം, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 2023-ല്‍ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

വിജയരാഘവന്‍. Photo: X.com

ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തില്‍ വിജയരാഘവന്‍, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ പത്ത് ദിവസം കൊണ്ട് 15 കോടിയിലധികമാണ് പ്രഥമാ ദൃഷ്ട്യാ കുറ്റക്കാര്‍ തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിന്റെ തിരക്കഥ ആദ്യമായി വായിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. വിജയരാഘവനും ആസിഫ് അലിയും പ്രധാനവേഷത്തിലെത്തി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ വായിച്ച അതേ ഫീലിങ്ങാണ് പ്രഥമ ദൃഷ്ട്യയുടെ തിരക്കഥ വായിച്ചപ്പോഴും ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ആദ്യം തന്നെ ചിത്രത്തിന്റെ തിരക്കഥ വായിച്ചു. വായിച്ചപ്പോള്‍ തന്നെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തോന്നിയ പോലെ ഈ പടം നന്നാവും എന്നൊരു തോന്നല്‍ എനിക്ക് വന്നിരുന്നു. ചിലതില്‍ മാത്രമാണ് നമുക്ക് അങ്ങനെ തോന്നുക. ചില സമയത്ത് എടുത്ത് കഴിഞ്ഞിട്ട് ഗംഭീരമാകും. അതേസമയം ഗംഭീരമാകും എന്ന് പ്രതീക്ഷിട്ട് മോശമാകുന്ന ചിത്രങ്ങളുമുണ്ട്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: X.com

പക്ഷേ ഇതൊരു ഷുവര്‍ എന്ന് തോന്നല്‍ തരുന്ന സ്‌ക്രിപ്റ്റായിട്ട് എനിക്ക് തോന്നി. അതോടൊപ്പം ഷഹദ് കൃത്യമായി നമുക്ക് കാര്യങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. എന്താണ് ആ സിനിമയ്ക്ക് വേണ്ടതെന്ന് കൃത്യമായി അദ്ദേഹത്തിന് അറിയാം. പിന്നെ നമുക്കും ചില കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പറ്റും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അല്പം കൂടെ സ്വാതന്ത്ര്യമുണ്ടല്ലോ,’ വിജയരാഘവന്‍ പറഞ്ഞു.

Content Highlight: Vijayarghavan talks about his new movie Pradhama Drishtya Kuttakkar

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more