| Wednesday, 23rd July 2025, 9:53 am

ഇമേജ് പൊളിയണം എന്ന ആഗ്രഹത്തില്‍ ചെയ്ത വേഷമാണത്: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ നിറസാന്നിധ്യമാണ് വിജയരാഘവന്‍. നായകനായും സഹനടനായും വില്ലനായും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ഏകലവ്യന്‍ എന്ന സിനിമയിലെ വിജയരാഘവന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടവയില്‍ ഒന്നാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

തന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത് ഏകലവ്യന്‍ ആണെന്ന് വിജയരാഘവന്‍ പറയുന്നു. യുവത്വമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന സമയത്താണ് അത്രയും പ്രായമുള്ള കഥാപാത്രത്തെ ഏറ്റെടുക്കുന്നതെന്നും അതുവരെ പ്രേക്ഷകര്‍ക്ക് മുന്നിലുണ്ടായിരുന്ന ഇമേജ് പൊളിയണം എന്ന ഉദ്ദേശവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ തന്നത് രണ്‍ജി പണിക്കര്‍ ആണെന്നും അഭിനയ സാധ്യതയുള്ള വേഷങ്ങളായിരുന്നു അതില്‍ ഏറെയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ഏകലവ്യന്‍ എന്ന ചിത്രത്തിലെ ചേറാടി കറിയ എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. യുവത്വമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന സമയത്താണ് അത്രയും പ്രായമുള്ള കഥാപാത്രത്തെ ഏറ്റെടുക്കുന്നത്. അതിന് കിട്ടിയ സ്വീകാര്യത ആത്മവിശ്വാസമായി.

പ്രേക്ഷകര്‍ക്ക് മുന്നില്‍ അതുവരെയുണ്ടായ ഇമേജ് പൊളിയണം എന്ന ആഗ്രഹവും ആ കഥാപാത്രം തെരഞ്ഞെടുത്തതിന് പിന്നിലുണ്ടായിരുന്നു. രണ്‍ജി പണിക്കരും ഷാജി കൈലാസും എന്നെ അന്ന് വിശ്വാസത്തിലെടുത്തു.

അതില്‍ സുരേഷ് ഗോപിയോട് നേരെ നിന്ന് പറയുന്ന ഒരു നെടുനീളന്‍ ഡയലോഗുണ്ട്, ഒറ്റ ടേക്കാണ് അത്. ആ സീനിന് ഷാജി കൈലാസ് കട്ട് പറയാന്‍ മറന്നുപോയി. ഷോട്ട് കഴിഞ്ഞപ്പോള്‍ രണ്‍ജി വന്ന് കെട്ടിപ്പിടിച്ചു. അത് ഒരിക്കലും മറക്കില്ല.

രണ്‍ജി എനിക്ക് അത്തരം വ്യത്യസ്ത കഥാപാത്രങ്ങള്‍ തന്നിട്ടുണ്ട്. മാഫിയ എന്ന സിനിമയില്‍ കാലിന് സ്വാധീനക്കുറവുള്ള ശിവപ്പ, രൗദ്രത്തിലെ അപ്പിച്ചായി, ദ കിങ്ങിലെ സഞ്ജയ് എന്നിവയെല്ലാം ഏറെ അഭിനയസാധ്യതയുളളവയായിരുന്നു,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan Talks About His Character In Ekalavyan Movie

We use cookies to give you the best possible experience. Learn more