| Saturday, 17th October 2026, 1:55 pm

കഥാപാത്രങ്ങൾ വ്യത്യസ്തമാക്കാൻ മനഃപൂർവ്വം ചോയ്സ് നടത്തിയിട്ടില്ല; വരുന്ന കഥാപാത്രങ്ങൾ അഭിനയിക്കുക എന്നുള്ളതാണ് എന്റെ രീതി: വിജയരാഘവൻ

അനുപമ കെ. സീത

അഞ്ചു പതിറ്റാണ്ടായി സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് വിജയരാഘവൻ. നാടകകൃത്തും നടനുമായ എൻ.എൻ.പിള്ളയുടെ മകനായ അദ്ദേഹം, അച്ഛന്റെ തന്നെ കാപാലിക എന്ന നാടക ചലച്ചിത്രാവിഷ്കാരത്തിലൂടെയാണ് സിനിമയിൽ രംഗപ്രവേശനം ചെയ്തത്. സഹനടനായും വില്ലനായും കരിയറാരംഭിച്ച അദ്ദേഹം ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും സീനിയറായ നടന്മാരിൽ ഒരാളാണ്. ശക്തമായ സ്വഭാവനടന്റെ വേഷങ്ങൾ ചെയ്ത് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് വിജയരാഘവൻ എന്ന നടൻ.

കഥാപാത്രങ്ങൾ വ്യത്യസ്തമാക്കാൻ മനപ്പൂർവ്വം ചോയ്സ് നടത്തിയിട്ടില്ലെന്നും സിനിമയിലത് നടന്നിട്ടേയില്ലെന്നും പറയുകയാണ് അദ്ദേഹം. ഇൻഡിവുഡുമായിട്ടുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

‘പ്രൊഫഷന്റെ ഭാഗമാകുമ്പോൾ വരുന്ന കഥാപാത്രങ്ങൾ അഭിനയിക്കുക എന്നുള്ളതാണ് എന്റെ രീതി. രഞ്ജി പണിക്കർ എന്റെ വളരെയടുത്ത സുഹൃത്താണ്. അന്ന് ഞാൻ രഞ്ജി പണിക്കരോട് പിടിച്ചു വാങ്ങിച്ചതാണ് പൊലീസ് വേഷം. വയസൻ വേഷമാണെന്നൊക്കെ പറഞ്ഞപ്പോഴും ഞാൻ ചെയ്യാമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഞാൻ ശിപായി ലഹളയും രൗദ്രവുമൊക്കെ പിന്നീട് ചെയ്തത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ രംഗം.Photos.Screen Grab/Youtube.com

ഒരു നടനെന്ന് പറഞ്ഞാൽ അയാൾ അഭിനയിക്കുമ്പോൾ ഞാനെന്ന ക്യാൻവാസിൽ സൃഷ്ടിക്കുകയാണ് ഒരു കഥാപാത്രത്തെ. ആ സൃഷ്ടിക്കുന്ന കഥാപാത്രം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ വേണം ഇയാളെത്ര നടക്കണം എത്ര സംസാരിക്കണം എവിടെ വിറക്കണം എന്നൊക്കെ തീരുമാനിക്കുന്നത്. കഥാപാത്രമാകുന്ന രീതിയിലുള്ള മാനറിസങ്ങളും കാര്യങ്ങളുമെല്ലാം നമ്മൾ സൃഷ്ടിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത കഥാപാത്രങ്ങളെക്കുറിച്ച് കഥ കേൾക്കുമ്പോൾ താനതിനെ പറ്റി ചിന്തിച്ചിരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ അംശങ്ങളായിട്ട് അതെപ്പോഴെങ്കിലും കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. പൂക്കാലത്തിലെ ക്യാരക്ടറിന് വേണ്ടി ചില മുന്നൊരുക്കങ്ങൾ ചെയ്‌തെന്നും മൂന്ന് മാസം വേറെ സിനിമകളൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

റാംജി റാവ് സ്പീക്കിങ്, ഏയ് ഓട്ടോ, ഏകലവ്യൻ, രാമലീല തുടങ്ങിയ സിനിമകളുൾപ്പടെ ഒടുവിലായി പുറത്തിറങ്ങിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ വരെ ശക്തവും ഗംഭീരവുമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യനിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

Content Highlight: Vijayaraghavan stated that he had not made conscious choices to make his characters different, and added that his method was simply to act out the roles that came his way.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more