| Tuesday, 13th October 2026, 1:32 pm

മോഹന്‍ലാല്‍ ഭിക്ഷക്കാരനായി വന്നാലോ രജിനിയെ പത്തുപേര്‍ ഓടിച്ചിട്ട് തല്ലിയാലോ ആളുകള്‍ക്ക് ദഹിക്കില്ല, എനിക്ക് അത്തരം ലിമിറ്റേഷനില്ല: വിജയരാഘവന്‍

അമര്‍നാഥ് എം.

നിലവില്‍ മലയാളസിനിമയിലെ ഏറ്റവും സീനിയറായിട്ടുള്ള നടന്മാരിലൊരാളാണ് വിജയരാഘവന്‍. നാടകങ്ങളിലൂടെ അഭിനയജീവിതമാരംഭിച്ച അദ്ദേഹം അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്. നായകനായി മാത്രം വേഷമിടാതെ എല്ലാതരം കഥാപാത്രങ്ങളും ചെയ്ത് ഫലിപ്പിക്കാന്‍ വിജയരാഘവനുള്ള കഴിവ് പലരെയും അത്ഭുതപ്പെടുത്തുകയാണ്.

സമീപകാലത്തായി താരം തെരഞ്ഞെടുക്കുന്ന ക്യാരക്ടര്‍ റോളുകള്‍ സിനിമാപ്രേമികളെ ഞെട്ടിക്കുന്നതാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലും വിജയരാഘവന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഹാരിസ് മീരാന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയരാഘവന്റെ കൈയില്‍ ഭദ്രമായിരുന്നു.

വിജയരാഘവൻ. Photo. Screen Grab/ Youtube

കരിയറില്‍ ഒരിക്കലും സ്റ്റാര്‍ഡത്തിന് പിറകെ പോകാന്‍ താന്‍ താത്പര്യപ്പെട്ടിരുന്നില്ലെന്ന് പറയുകയാണ് വിജയരാഘവന്‍. ഒരേ ടൈപ്പ് കഥാപാത്രം മാത്രമേ താന്‍ ചെയ്യുള്ളൂ എന്ന ചിന്ത പ്രേക്ഷകരില്‍ ഉണ്ടായിട്ടില്ലെന്നും ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്റെ ഏറ്റവും വലിയ ഫ്രീഡം അതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിര്‍ച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘ഒരിക്കലും സ്റ്റാറാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ വന്നിരുന്നെങ്കില്‍ അതൊരു ബാധ്യതയായേനെ. നല്ലൊരു നടനാകുക, എല്ലാതരം റോളുകളും തേടിപ്പിടിച്ച് ചെയ്യുക എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. ഏകലവ്യനിലെ ചേറാടി കറിയ എന്ന ക്യാരക്ടര്‍ ഞാന്‍ പത്തുമുപ്പത് കൊല്ലം മുമ്പ് ചെയ്തതാണ്. അന്നത്തെ എന്റെ പ്രായത്തെക്കാള്‍ എത്രയോ കൂടുതലായിരുന്നു ആ കഥാപാത്രത്തിന്റെ പ്രായം. അത് പ്രേക്ഷകര്‍ അംഗീകരിച്ചപ്പോള്‍ എനിക്ക് എന്ത് റോളും ചെയ്യാമെന്നായി.

വിജയരാഘവൻ. Photo. Screen Grab/ Youtube

ഇതൊക്കെയാണ് സ്റ്റാറാകാതെ ഇരുന്നതുകൊണ്ട് എനിക്ക് കിട്ടിയ അഡ്വാന്റേജ്. ഇപ്പോള്‍ മോഹന്‍ലാലിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഒരു ഭിക്ഷക്കാരന്റെ റോള്‍ ചെയ്താല്‍ അത് അംഗീകരിക്കാനാകാത്ത ഒരു വിഭാഗമുണ്ടാകും. അതുപോലെ രജിനികാന്തിനെ പത്ത് പേര്‍ ചേര്‍ന്ന് ഓടിച്ചിട്ട് തല്ലുന്ന ഒരു സീന്‍ നമുക്ക് ഇമാജിന്‍ ചെയ്യാന്‍ പറ്റില്ല. അവരുടെ സ്റ്റാര്‍ഡം അത്രക്ക് വലുതായതുകൊണ്ട് വന്ന പ്രശ്‌നമാണത്. എനിക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ലിമിറ്റേഷനില്ല,’ വിജയരാഘവന്‍ പറയുന്നു.

നാടകത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് വന്നതിനാലാണ് എല്ലാതരം കഥാപാത്രങ്ങളും തനിക്ക് ചെയ്യാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേജില്‍ നിന്ന് തനിക്ക് ലഭിച്ച അനുഭവസമ്പത്ത് വലിയ രീതിയില്‍ ഗുണം ചെയ്‌തെന്നും ഇന്നും നാടകം ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Vijayaraghavan saying he has no limitations to do any type of characters

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more