മലയാള ചലച്ചിത്രരംഗത്ത് അഞ്ചു പതിറ്റാണ്ടോളമായി വില്ലൻ, സഹനടൻ എന്നീ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് വിജയരാഘവൻ. പ്രശസ്ത നാടകകൃത്തും നടനുമായ എൻ. എൻ. പിള്ളയുടെ മകനായ വിജയരാഘവൻ 1973-ൽ പുറത്തിറങ്ങിയ കാപാലിക എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ന്യൂദൽഹി, റാംജി റാവു സ്പീക്കിംഗ്, ഏകലവ്യൻ എന്നീ ചിത്രങ്ങളിൽ വിജയരാഘവൻ അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
പിന്നീട് മേലേപ്പറമ്പിൽ ആൺവീട്, സി.ഐ.ഡി. മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, രാമലീല, പൂക്കാലം, കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. ചിത്രത്തിലെ വിജയരാഘവന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പഴയകാല സിനിമാ ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹം.
വിജയരാഘവൻ. Photo. Screen Grab/ Youtube
പുതിയതും പഴയതുമായ തലമുറയിൽപെട്ട അഭിനേതാക്കൾക്കൊപ്പവും സിനിമ ചെയ്യുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് വിജയരാഘവൻ പറയുന്നു. തന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു 1993 യില്‍ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏകലവ്യൻ സിനിമയിലേ ചെറാടി സക്കറിയ എന്ന് വിജയരാഘവൻ പറഞ്ഞു. വില്ലനും സഹനടനുമായുള്ള പതിവ് വേഷങ്ങൾ ചെയ്തിരുന്ന കാലത്താണ് 60 വയസുള്ള ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ ഏതു കാലത്തുള്ള ആളുകളുടെ കൂടെയും സിനിമ ചെയ്യാൻ തയ്യാറാണ്. ഞാൻ ഒരു മുപ്പത് വർഷം മുൻപാണ് ചെറാടി സക്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ന് വില്ലനായും സഹനടനായുമൊക്കെയായി ഞാൻ സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അറുപത്തിയഞ്ച് വയസുള്ള ആ കഥാപാത്രത്തെ ചെയ്യുന്നത്. അന്നുവരെ മലയാള സിനിമയിൽ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന സ്ഥിരം കഥാപാത്രങ്ങളെ അതിജീവിച്ച് പെട്ടെന്ന് അത്തരം കഥാപാത്രങ്ങൾ ആരും ചെയ്തിട്ടുമില്ല,’ വിജയ രാഘവൻ പറഞ്ഞു.
ചെറാടി സക്കറിയ എന്ന കഥാപാത്രത്തിലേക്ക് താൻ എത്തിയതെങ്ങനെയെന്നും വിജയരാഘവൻ ഓർത്തെടുത്തു. രൺജി പണിക്കരുടെ ചിത്രത്തിൽ വീണ്ടും പൊലീസ് വേഷം ചെയ്യാൻ താത്പര്യമില്ലെന്ന് പറഞ്ഞതോടെയാണ് മറ്റൊരു കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞെതെന്നു വിജയരാഘവൻ പറഞ്ഞു.
ചേറാടി സക്കറിയ. ഏകലവ്യൻ. Photo. Screen Grab/ Youtube
‘അന്ന് ഞാനും രൺജി പണിക്കരും ഷാജി കൈലാസവുമൊക്കെ നല്ല പരിചയക്കാരാണ്. അപ്പോൾ രൺജി പണിക്കരുടെ മുന്നത്തെ സിനിമയിൽ ഞാൻ ഒരു പോലീസ് വേഷം അവതരിപ്പിച്ചതേയുള്ളൂ. അങ്ങനെ രൺജി പറഞ്ഞു, എന്റെ അടുത്ത സിനിമയിലും താനുണ്ട് കേട്ടോ, പൊലീസ് വേഷമാണ് എന്ന്. പക്ഷേ ഇനി വീണ്ടും പൊലീസ് വേഷം ചെയ്യാൻ വയ്യ എന്ന് ഞാൻ അന്ന് അദ്ദേഹത്തോട് പറഞ്ഞു.
അപ്പോൾ രൺജി പറഞ്ഞത്, എടോ, അതല്ലാത്ത പിന്നെ ഒരു വയസൻ വേഷമാണ് ഉള്ളത് എന്നാണ്. എന്നാൽ ആ വേഷം ഞാൻ ചെയ്യാം എന്ന് ഞാൻ പറഞ്ഞു. അന്ന് ആ റോൾ വയസ്സായ ഒരാളെക്കൊണ്ട് ചെയ്യിപ്പിക്കാം എന്ന് വെച്ചതായിരുന്നു. അങ്ങനെ പിന്നെ ഞാൻ അത് ചെയ്യുകയായിരുന്നു,’ നടൻ പറഞ്ഞു.
അതേസമയം, ആ എന്ന കഥാപാത്രത്തെ ഇന്ന് അവതരിപ്പിക്കുകയാണെങ്കിൽ അന്നത്തെ രീതിയിൽ ചെയ്യില്ലെന്നും വിജയരാഘവൻ പറഞ്ഞു. കാലത്തിനനുസരിച്ച് തന്റെ അഭിനയ സമീപനത്തിലും മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘പക്ഷേ ആ കഥാപാത്രം ഇന്നാണ് ഞാൻ ചെയ്യുന്നതെങ്കിൽ അങ്ങനെയായിരിക്കില്ല ചെയ്യുക. അന്ന് ഇതുവരെ ചെയ്ത വിജയരാഘവനല്ല ഇത് എന്ന് കാണിക്കാൻ സ്വല്പം എക്സാജറേറ്റ് ചെയ്താണ് ചെയ്തത്. അതേസമയം അതേപോലെയുള്ള ഒരു കഥാപാത്രം ഞാൻ രൗദ്രം സിനിമയിലും ചെയ്തിട്ടുണ്ട്; പക്ഷേ ആ കഥാപാത്രങ്ങൾ തമ്മിൽ സാമ്യത വരാത്ത രീതിയിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്,’ വിജയരാഘവൻ പറഞ്ഞു.