മലയാള ചലച്ചിത്രരംഗത്ത് അഞ്ചു പതിറ്റാണ്ടോളമായി വില്ലൻ, സഹനടൻ എന്നീ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് വിജയരാഘവൻ. പ്രശസ്ത നാടകകൃത്തും നടനുമായ എൻ. എൻ. പിള്ളയുടെ മകനായ വിജയരാഘവൻ 1973-ൽ പുറത്തിറങ്ങിയ കാപാലിക എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ന്യൂഡൽഹി, റാംജി റാവു സ്പീക്കിംഗ്, ഏകലവ്യൻ എന്നീ ചിത്രങ്ങളിൽ വിജയരാഘവൻ അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
പിന്നീട് മേലേപ്പറമ്പിൽ ആൺവീട്, സി.ഐ.ഡി. മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, രാമലീല, പൂക്കാലം, കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
വിജയരാഘവൻ. Photo. X.com
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് വിജയരാഘവൻ.
സിനിമയിൽ നായക കഥാപാത്രങ്ങൾ മാത്രം ചെയ്യുന്നതിൽ തനിക്ക് താത്പര്യമില്ല എന്ന് പറയുകയാണ് വിജയരാഘവൻ. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മാത്രമാണ് ഒരു നടൻ എന്ന രീതിയിൽ പൂർണതയിൽ എത്തുക എന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിനിമയിൽ എനിക്ക് അങ്ങനെ ടിപ്പിക്കൽ ഹീറോ ക്യാരക്ടർ റോളുകൾ ചെയ്യാൻ താത്പര്യമില. എന്നെ സംബന്ധിച്ചിടത്തോളം ഒരു നടൻ എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം എന്നുള്ളതാണ് എന്റെ ആഗ്രഹം.
അങ്ങനെ ചെയ്യുമ്പോഴേ ഒരു നടൻ പൂർണമായും നടനാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. ഇത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണ്. നല്ല കഥാപാത്രങ്ങളെ അഭിനേതാവിന് ലഭിക്കുക എന്നതാണ് പ്രധാനം,’ അദ്ദേഹം പറഞ്ഞു.
നാടകത്തിലെ അനുഭവങ്ങൾ ഉള്ളതുകൊണ്ട് തന്നെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് നടൻ പറയുന്നു. അതുകൊണ്ടു തന്നെ തന്റെ പൂക്കാലം, കിഷ്കിന്ധാ കാണ്ഡം, എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ഒരു മുപ്പത് വർഷം മുമ്പ് ലഭിച്ചിരുന്നെങ്കിലും നല്ല രീതിയിൽ തന്നെ അഭിനയിക്കാൻ സാധിക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരു മുപ്പത് വർഷം മുമ്പാണ് എങ്കിലും ഞാൻ പൂക്കാലം എന്ന സിനിമയിൽ അവതരിപ്പിച്ച ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ ചെയ്യുമായിരുന്നു, ആ കാര്യത്തിൽ ഞാൻ കോൺഫിഡന്റാണ്. പക്ഷെ അത്തരം കഥാപാത്രങ്ങൾ അന്ന് വന്നില്ല എന്ന് മാത്രം. അതിപ്പോൾ കിഷ്കിന്ധാ കാണ്ഡത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്. കാരണം നാടകത്തിലൊക്കെ ഒരുപാട് കാലം ഞാൻ ഉണ്ടായിരുന്നതുകൊണ്ട് തന്നെ എക്സ്പീരിയൻസ്ഡ് ആണ്, ‘ നടൻ പറഞ്ഞു.
കരിയറിന്റെ തുടക്കം ചെറുപ്പക്കാരുടെ വേഷങ്ങളിൽ നിന്നാണെന്നും പിന്നീട് അത്തരം റോളുകൾ മറികടന്നു നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചു എന്നും വിജയരാഘവൻ പറഞ്ഞു. ലഭിക്കുന്ന ഓരോ കഥാപാത്രത്തിലും പുതുമ കൊണ്ടുവരാൻ താൻ എപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയരാഘവൻ. Photo. X.com
‘എന്റെ മുപ്പത്തിമൂന്നാമത്തെ വയസിലാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അന്ന് ഞാൻ കോളേജ് സ്റ്റുഡന്റ് ഒക്കെ പോലുള്ള ചെറുപ്പ വേഷങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. അപ്പോൾ അന്ന് അതിനെ ബ്രേക്ക് ചെയ്യുക എന്നത് എനിക്കൊരു വെല്ലുവിളി തന്നെയായിരുന്നു. പിന്നീട് ആ കാലത്ത് രഞ്ജി പണിക്കരുടെയും ഷാജി കൈലാസിന്റെയുമൊക്കെ സിനിമകൾ ചെയ്യാൻ പറ്റി.
പിന്നെ രൗദ്രം, ശിപായി ലഹള, മേലേപ്പറമ്പിൽ ആൺവീട് എന്നീ സിനിമകളിലൊക്കെ കുറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ചെയ്യാൻ പറ്റിയിട്ടുണ്ട്. അതുപോലെ പൊറിഞ്ചു മറിയം ജോസ് അങ്ങനെ കുറെ പടങ്ങൾ ചെയ്യാൻ പറ്റി. കിട്ടുന്ന റോളുകളിൽ എന്തെങ്കിലും വ്യത്യസ്തത വരുത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്,’ വിജയരാഘവൻ പറഞ്ഞു.