| Tuesday, 16th September 2025, 8:21 am

ആ സമയം അച്ഛന്‍ കൊച്ചു കുട്ടികളെ പോലെ ഏങ്ങലടിച്ച് കരയുമായിരുന്നു; ഞങ്ങള്‍ നിര്‍ബന്ധിച്ചാണ് ഗോഡ്ഫാദറില്‍ അഭിനയിപ്പിച്ചത്: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു എന്‍.എന്‍ പിള്ള. ഇദ്ദേഹമൊരു സ്വാതന്ത്ര്യസമര സേനാനി കൂടിയായിരുന്നു. ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ അഞ്ഞൂറാന്‍ എന്ന കഥാപാത്രം മതി മലയാളികള്‍ക്ക് അദ്ദേഹത്തെ ഓര്‍ത്തെടുക്കാന്‍.

ഇപ്പോള്‍ എന്‍.എന്‍ പിള്ളയെ കുറിച്ച് സംസാരിക്കുകയാണ് നടനും അദ്ദേഹത്തിന്റെ മകനുമായ വിജയരാഘവന്‍. തന്റെ ഏറ്റവും പുതിയ സിനിമയായ വളയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

അമ്മ മരിച്ചിട്ട് അച്ഛന്‍ ഇരുപത്തി രണ്ട് ദിവസത്തോളം ഭക്ഷണം പോലും കഴിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല ഉറക്കത്തില്‍ അച്ഛന്‍ ഏങ്ങല്‍ അടിക്കുമായിരുന്നുവെന്നും ആ സമയം തങ്ങളാകെ ഭയന്ന് പോയിരുന്നുവെന്നും വിജയരാഘവന്‍ പറയുന്നു.

‘അപ്പോഴാണ് അച്ഛനെ ഗോഡ്ഫാദറില്‍ അഭിനയിക്കാന്‍ വിളിച്ചത്. ഞങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് അദ്ദേഹം പോയി അഭിനയിച്ചത്. അമ്മ മരിച്ച് കഴിഞ്ഞ്, ഉറക്കത്തില്‍ കൊച്ചുകുട്ടികളെ പോലെ ഏങ്ങലടിക്കുമായിരുന്നു.

ഈ ലോകം കണ്ട മനുഷ്യന്‍, യുദ്ധത്തില്‍ പങ്കെടുത്ത മനുഷ്യന്‍, ഒരു പത്ത് ജന്മത്തിലെ ജീവിതം ഒരു ജന്മത്തില്‍ തീര്‍ത്ത വ്യക്തി. അത്രയും ബോള്‍ഡായ ഒരാളാണ്, അമ്മ മരിച്ചപ്പോള്‍ കൊച്ചുകുട്ടിയേ പോലെ ഏങ്ങലടിച്ച് കരഞ്ഞത്. അതിനെ പ്രണയമെന്നാണോ, സ്നേഹമെന്നാണോ വിശേഷിപ്പിക്കേണ്ടത്,’ വിജയരാഘവന്‍ പറയുന്നു.

തന്റെ അമ്മ അച്ഛന് വേണ്ടിയിട്ട് ഒമ്പത് വര്‍ഷം കാത്തിരുന്നിട്ടുണ്ടെന്നും അമ്മയെ കല്യാണം കഴിച്ചോളം എന്ന് പറഞ്ഞ് അച്ഛന്‍ മലേഷ്യക്ക് പോയിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവിടെ യുദ്ധത്തില്‍ പങ്കെടുത്ത് അച്ഛന്‍ മരിച്ചുവെന്നാണ് തങ്ങള്‍ വിചാരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അമ്മയുടെ അനിയത്തിമാരൊക്കെ കല്യാണം കഴിച്ചപ്പോള്‍, അമ്മ അച്ഛന്‍ വരുന്നതും നോക്കി നില്‍ക്കുകയാണ്. എഴുത്തൊന്നും വരാതിരുന്നപ്പോള്‍ മരിച്ചു പോയെന്നാണ് വിചാരിച്ചത്. പക്ഷേ അമ്മ കാത്തിരുന്നു അച്ഛന് വേണ്ടി. ‘എന്തായാലും വരുമെന്ന് എനിക്കറിയാം എന്ന് പറഞ്ഞാണ് അമ്മ കാത്തിരുന്നത്,’ വിജയരാഘവന്‍ പറയുന്നു.

Content highlight:   Vijayaraghavan is talking about N.N. Pillai 

We use cookies to give you the best possible experience. Learn more