| Wednesday, 10th September 2025, 9:16 pm

ന്യൂഡല്‍ഹിയുടെ മൂന്ന് റീമേക്കിലും അഭിനയിച്ചു, പക്ഷേ മമ്മൂട്ടിയോളം പെര്‍ഫക്ടായി ആരും ചെയ്തിട്ടില്ല: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് വിജയരാഘവന്‍. അഞ്ച് പതിറ്റാണ്ടിനടുത്തായി സിനിമാലോകത്തെ നിറസാന്നിധ്യമാണ് അദ്ദേഹം. സഹനടനായും വില്ലനായും ആരംഭിച്ച കരിയര്‍ പിന്നീട് നായകവേഷത്തിലും വിജയരാഘവന്‍ തിളങ്ങി. ഈയിടെ ക്യാരക്ടര്‍ റോളുകളിലും അദ്ദേഹം തന്റെ പ്രകടനത്തിലൂടെ സിനിമാപ്രേമികളെ ഞെട്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കരിയറിന്റെ തുടക്കത്തില്‍ വിജയരാഘവന്‍ ഭാഗമായ ചിത്രമായിരുന്നു ന്യൂ ഡല്‍ഹി. മമ്മൂട്ടിയുടെ വമ്പന്‍ തിരിച്ചുവരവിന് കാരണമായ ചിത്രം മലയാളത്തിലെ ചരിത്രവിജയങ്ങളിലൊന്ന് കൂടിയാണ്. മമ്മൂട്ടിയുടെ കൂട്ടാളികളില്‍ ഒരാളായ അനന്തന്‍ എന്ന കഥാപാത്രത്തെയാണ് വിജയരാഘവന്‍ ന്യൂഡല്‍ഹിയില്‍ അവതരിപ്പിച്ചത്.

മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും തമിഴില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തുകയും ചെയ്ത ചിത്രം കൂടിയാണ് ന്യൂ ഡല്‍ഹി. ഉര്‍വശി, ത്യാഗരാജന്‍, സുമലത എന്നിവര്‍ക്കൊപ്പം വിജയരാഘവനും മൂന്ന് റീമേക്കുകളിലും അഭിനയിച്ചു. ഇപ്പോഴിതാ ന്യൂ ഡല്‍ഹിയെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍.

‘കന്നഡ, തെലുങ്ക്, ഹിന്ദി, മൂന്ന് റീമേക്കിലും അഭിനയിച്ചിട്ടുണ്ട്. കന്നഡയില്‍ അംബരീഷും തെലുങ്കില്‍ കൃഷ്ണം രാജുവും ഹിന്ദിയില്‍ ജിതേന്ദ്രയുമായിരുന്നു നായകന്മാര്‍. പക്ഷേ, ഇത് മൂന്നും നോക്കുമ്പോഴും മമ്മൂട്ടി മമ്മൂട്ടി തന്നെയാണ്. മറ്റ് ഭാഷകളെ മോശക്കാരാക്കുകയല്ല. മമ്മൂട്ടിയുടെ വേഴ്‌സറ്റാലിറ്റി അവര്‍ക്കില്ല. അത്രയും പെര്‍ഫക്ടാകാന്‍ അവര്‍ക്കായില്ല.

ഞാനും മമ്മൂട്ടിയും ഒന്നിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന മികച്ച ആക്ടറാണ് അദ്ദേഹം. സ്റ്റാര്‍ഡമല്ല, ആക്ടര്‍ എന്ന നിലയിലാണ് പലരുടെയും മനസില്‍ മമ്മൂട്ടിയുള്ളത്. സ്റ്റാര്‍ഡവും ആക്ടറും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. ഇത് രണ്ടും ഒരുപോലെ കൊണ്ടുപോകുന്നത് മലയാളത്തില്‍ മാത്രമേ കാണാന്‍ സാധിക്കുള്ളൂ,’ വിജയരാഘവന്‍ പറഞ്ഞു.

മമ്മൂട്ടിയുമായി തനിക്ക് നല്ല സൗഹൃദമാണുള്ളതെന്ന് അദ്ദേഹം പറയുന്നു. നെടുമുടി വേണു, മുരളി എന്നിവരുമായെല്ലാം അതേ സൗഹൃദമായിരുന്നെന്നും അഭിനയത്തില്‍ അത് ഗുണം ചെയ്‌തെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഈ ആര്‍ട്ടിസ്റ്റുകളുമായി തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് സന്തോഷം സമ്മാനിച്ച മൊമന്റുകളായിരുന്നു അവയെന്നും താരം പറയുന്നു.

Content Highlight: Vijayaraghavan about the remakes of New Delhi movie and Mammootty

We use cookies to give you the best possible experience. Learn more