| Wednesday, 9th September 2026, 8:53 am

അയ്യേ, ഇങ്ങനെയുമുണ്ടോ മനുഷ്യന്മാര്‍ എന്നാണ് ആ കഥാപാത്രം ചെയ്തപ്പോള്‍ ഞാന്‍ വിചാരിച്ചത്, വെറുത്തുപോയ വില്ലന്‍ വേഷം: വിജയരാഘവന്‍

അമര്‍നാഥ് എം.

മലയാളത്തിലെ മികച്ച നടന്മാരുടെ ലിസ്‌റ്റെടുത്താല്‍ അതില്‍ ആദ്യ പത്തില്‍ ഇടംപിടിക്കുന്നവരിലൊരാളാണ് വിജയരാഘവന്‍. അഞ്ച് പതിറ്റാണ്ടിനടുത്തായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയരാഘവന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. കരിയറിലെ പുതിയ സ്റ്റേജില്‍ ഓരോ സിനിമ കഴിയുന്തോറും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് കഴിഞ്ഞ കുറച്ചുകാലമായി വിജയരാഘവന്‍ ഓരോ സിനിമയിലും കാഴ്ച വെക്കുന്നത്. നായകനായും വില്ലനായും സഹനടനായും ക്യാരക്ടര്‍ റോളിലുമെല്ലാം തിളങ്ങുന്ന ചുരുക്കം നടന്മാരിലൊരാളാണ് വിജയരാഘവന്‍. മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലന്‍ വേഷങ്ങള്‍ പലതും ചെയ്തത് വിജയരാഘവനാണ്.

വില്ലന്‍ റോള്‍ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ക്രൂരനായ വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ തനിക്ക് അതില്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. തന്നെ സംബന്ധിച്ച് വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് അവരുടേതായ ന്യായമുണ്ടെന്നും അങ്ങനെയാണ് താന്‍ സമീപിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം.

‘എന്നെ സംബന്ധിച്ച് അവരൊന്നും വില്ലന്മാരല്ല, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവരുടേതായ ന്യായീകരണമുണ്ട്. അങ്ങനെയാണ് ഞാന്‍ അത്തരം കഥാപാത്രങ്ങളെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്ക് വില്ലന്‍ റോളുകള്‍ ചെയ്യുന്ന കാര്യത്തില്‍ യാതൊരു മടിയുമില്ല. അത്തരം വേഷങ്ങള്‍ കൂടുതല്‍ ചലഞ്ചിങ്ങുമാണ്.

പക്ഷേ, ഞാന്‍ തന്നെ വെറുത്തുപോയ ഒരു വില്ലനുണ്ട്. സ്‌റ്റോപ്പ് വയലന്‍സ് എന്ന പടത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രമാണത്. ‘ഇങ്ങനെയും മനുഷ്യന്മാരുണ്ടോ? അയ്യേ’ എന്ന് എനിക്ക് തന്നെ തോന്നിപ്പോയി. ഇത്രയും വെറുത്ത ഒരു കഥാപാത്രം ഞാന് വേറെ ചെയ്തിട്ടില്ല. അങ്ങനെയുള്ള ഒന്നാണ് സ്റ്റോപ്പ് വയലന്‍സിലെ സ്റ്റീഫന്‍,’ വിജയരാഘവന്‍ പറഞ്ഞു.

അതേസമയം വിജയരാഘവന്‍ ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രം ആശ റിലീസിന് തയാറെടുക്കുകയാണ്. ഉര്‍വശി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ഉര്‍വശിക്കും വിജയരാഘവനും പുറമെ ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും ആശയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സെപ്റ്റംബര്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vijayaraghavan about his villain role that he hates so much

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more