| Monday, 30th March 2026, 10:13 pm

'ഒരു സ്ഥാനാര്‍ത്ഥി രണ്ട് മണ്ഡലത്തില്‍ നില്‍ക്കുന്നത് ജനാധിപത്യത്തിന് എതിര്' രാഷ്ട്രീയത്തില്‍ വിജയ്‌യുടെ ആരാധനാപുരുഷന്റെ ഡയലോഗ് ഏറ്റെടുത്ത് ട്രോളന്മാര്‍

അമര്‍നാഥ് എം.

സിനിമയുടെ ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ച തമിഴ് സൂപ്പര്‍താരം വിജയ് ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. തമിഴ്‌നാട്ടിലെ രണ്ട് വമ്പന്‍ മുന്നണികള്‍ക്കെതിരെ പോരാടാന്‍ സ്വന്തമായി ആരംഭിച്ച തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി രൂപീകരിച്ചാണ് മത്സരത്തിനിറങ്ങുന്നത്.

കഴിഞ്ഞദിവസം ടി.വി.കെയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളില്‍ നിന്നും ടി.വി.കെ ജനവിധി തേടുന്നുണ്ട്. ഇതില്‍ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വിജയ്‌ക്കെതിരെ ഇപ്പോള്‍ ട്രോളന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

രാഷ്ട്രീയത്തില്‍ വിജയ് തന്റെ ആരാധന പുരുഷനായി കണക്കാക്കുന്ന വിജയകാന്തിന്റെ ഡയലോഗാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. 2003ല്‍ പുറത്തിറങ്ങിയ തെന്നവന്‍ എന്ന ചിത്രത്തില്‍ വിജയകാന്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ മാസ് ഡയലോഗ് ഇതിനോടകം ട്രെന്‍ഡായി. ഇലക്ഷന്‍ കമ്മീഷണറായിട്ടാണ് ചിത്രത്തില്‍ വിജയകാന്ത് വേഷമിട്ടത്. ഒരു സ്ഥാനാര്‍ത്ഥി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെതിരെ താരം ശക്തമായി സംസാരിക്കുന്നുണ്ട്.

ഒരു സ്ഥാനാര്‍ത്ഥി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് ശരിയല്ലെന്ന് വിജയകാന്തിന്റെ തെന്നവന്‍ എന്ന കഥാപാത്രം പറയുന്നുണ്ട്. ഈ ഡയലോഗിനെതിരെ ആ സീനിലുള്ള ഒരു ജേര്‍ണലിസ്റ്റ് ചോദ്യം ചെയ്യുന്നുണ്ട്. ജനാധിപത്യത്തിനെതിരായിട്ടുള്ള സമീപനമാണിതെന്ന് ജേര്‍ണലിസ്റ്റ് പറയുമ്പോള്‍ അതിന് വിജയകാന്ത് നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്.

തെന്നവന്‍ Photo: Diego/ X.com

‘ഒരു സ്ഥാനാര്‍ത്ഥി രണ്ട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതാണ് ശരിക്കും ജനാധിപത്യത്തിന് എതിരായിട്ടുള്ളത്. രണ്ട് മണ്ഡലത്തിലും നിന്ന് ജയിച്ചാല്‍ ഒരിടത്ത് രാജി വെക്കേണ്ടി വരും. അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കേണ്ട അവസ്ഥയാകും. അതിനുള്ള പൈസക്ക് വേണ്ടി സാധാരണക്കാരുടെ നികുതിപ്പണമാണ് ചെലവാക്കുന്നത്. രാഷ്ട്രീയക്കാരുടെ ഈഗോ തീര്‍ക്കാന്‍ വേണ്ടി സാധാരണക്കാരെ പറ്റിക്കുന്നത് ഇനിയും എത്രകാലം തുടരും’ എന്ന് ചോദിക്കുന്നിടത്താണ് സീന്‍ അവസാനിക്കുന്നത്.

ഈ വീഡിയോയില്‍ വിജയകാന്തിന്റെ ഡയലോഗിനൊപ്പം വിജയ് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇടക്കിടെ കാണിക്കുന്നുണ്ട്. വീഡിയോയുടെ അവസാനം വിജയ് തലകുനിച്ച് ഇരിക്കുന്നതും കാണാനാകും. വളരെ വേഗത്തിലാണ് ഈ ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ആദ്യത്തെ ആള്‍ വിജയ് അല്ലെന്നും ജയലളിത മുതല്‍ രാഹുല്‍ ഗാന്ധി വരെ ഇത്തരത്തില്‍ മത്സരിച്ചിട്ടുണ്ടെന്നും വിജയ് ആരാധകര്‍ ന്യായീകരണവുമായി രംഗത്തെത്തി.

Content Highlight: Vijayakanth’s old dialogue viral after Vijay’s candidate announcement

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more