മധുരൈ: ബി.ജെ.പിക്കൊപ്പം ഒരിക്കലും കൈകോര്‍ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് നടന്‍ വിജയ്‌യുടെ പാര്‍ട്ടി തമിഴക വെട്രി കഴകം (ടി.വി.കെ). ബി.ജെ.പിയില്‍ നിന്നും പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഒരിക്കലും അവരുമായി സഖ്യത്തിലെത്തില്ലെന്നാണ് ടി.വി.കെയുടെ നിലപാട്.
‘നേരത്തെ അവര്‍ (ബി.ജെ.പി) ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നില്ല. എന്നാലിപ്പോള്‍ അവര്‍ അത് ആരംഭിച്ചിരിക്കുകയാണ്. പല രീതിയിലും അവര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
സി.ബി.ഐ അന്വേഷണങ്ങള്‍ നടത്തിയും വിജയ്‌യുടെ സിനിമയുടെ (ജനനായകന്‍) റിലീസ് തടഞ്ഞുമെല്ലാം അവര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന കാര്യം നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതല്ലേ,’ ടി.വി.കെ ജനറല്‍ സെക്രട്ടറി (പോളിസി ആന്‍ഡ് പ്രൊപ്പഗാണ്ട) അരുണ്‍ രാജ് പറഞ്ഞു.
പാര്‍ട്ടി സമ്മേളനങ്ങളില്‍ വിജയ് ഒരിക്കലും നേരിട്ട് ബി.ജെ.പിയെ വിമര്‍ശിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് വര്‍ഗീയ കക്ഷികളുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ല എന്നാണ് ടി.വി.കെയുടെ നിലപാടെന്നും, പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ ഇക്കാര്യം വിശദീകരിച്ചതാണെന്നും അരുണ്‍ രാജ് കൂട്ടിച്ചേര്‍ത്തു.
‘പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ, ഞങ്ങളുടെ തലൈവര്‍ (വിജയ്) ബി.ജെ.പി പ്രത്യയശാസ്ത്ര എതിരാളിയാണെന്ന് പ്രഖ്യാപിച്ചതാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്ന പാര്‍ട്ടികള്‍ തന്റെ ശത്രുക്കളാണെന്ന് പ്രഖ്യാപിക്കാന്‍ കുറച്ച് ധൈര്യം ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടി വിപുലമായ പ്രകടന പത്രിക തയ്യാറാക്കുകയാണെന്നും അരുണ്‍ രാജ് കൂട്ടിച്ചേര്‍ത്തു.
സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ടുകള്‍ക്ക് പിന്നാലെയാണ് ജനുവരി ഒമ്പതിന് പുറത്തിറങ്ങേണ്ടിയിരുന്ന ജനനായകന്റെ റിലീസ് വൈകിയത്. പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്ന വിജയ്‌യുടെ അവസാന സിനിമയെന്ന നിലയില്‍ ആരാധകരും ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ ചിത്രത്തിന് റിലീസ് അനുമതി ലഭിച്ചില്ല. ഏപ്രില്‍ 30 വരെ ചിത്രം റിലീസ് ചെയ്‌തേക്കില്ലെന്ന് കനേഡിയന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ യോര്‍ക് സിനിമാസ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് ഇനിയും നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ് ചെന്നൈ മേഖലയില്‍ മത്സരിച്ചേക്കും. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ സര്‍വേക്കൊടുവിലാണ് വിജയിയുടെ മണ്ഡലം സംബന്ധിച്ച് പാര്‍ട്ടി ഏകദേശ ധാരണയിലെത്തിയത്.
നേരത്തെ വേലച്ചേരി, വിരുഗാംപക്കം എന്നിവക്കൊപ്പം വിക്രവാണ്ടി, നാഗപട്ടണം, ട്രിച്ചി ഈസ്റ്റ് എന്നിവയും വിജയ് പരിഗണിച്ചിരുന്നു. എന്നാല്‍, നിലവില്‍ ചെന്നൈ മേഖലയിലുള്ള മണ്ഡലങ്ങള്‍ മാത്രമാണ് വിജയ് മത്സരിക്കുന്നതിനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍വേപ്രകാരം ചെന്നൈ മേഖലയിലെ 12ഓളം മണ്ഡലങ്ങളില്‍ ടി.വി.കെക്ക് 25 മുതല്‍ 30 ശതമാനം വരെ വോട്ട് വിഹിതമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ സജീവമായാല്‍ ഇത് 40 ശതമാനം വരെ ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഇതുകൊണ്ട് കൂടിയാണ് വിജയ്‌യുടെ മത്സരം ചെന്നൈ മേഖലയില്‍ മാത്രമാക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നത്.
Content highlight: Vijaya’s party TVK says it will not form alliance with BJP despite pressure
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ