മധു. സി. നാരായണന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് മാത്യു തോമസ്. ചിത്രത്തില്‍ ഫ്രാങ്കി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ജെയ്സണായും ഓപ്പറേഷന്‍ ജാവയിലെ ജെറിയായും പ്രേമലുവില്‍ തോമസായും പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു.
യുവ സംവിധായകനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ എന്ന സിനിമയിലൂടെ തന്റെ കരിയറിലെ ആദ്യ പൊലീസ് കഥാപാത്രത്തെ മാത്യു അവതരിപ്പിച്ചിരുന്നു. പോലീസ് വേഷം ചെയ്യണമെന്ന ആഗ്രഹം തനിക്ക് നേരത്തെ ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിലെ കഥാപാത്രം ഏറ്റെടുക്കുമ്പോള്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നുവെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: X.com
ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ മാത്യുവിനെ കുറിച്ച് സീനിയര്‍ താരം വിജയ രാഘവന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകര്‍ക്കിടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ പൊലീസ് വേഷം മാത്യു നന്നായി ചെയ്‌തെന്നും എങ്കിലും ഒരു കൊച്ചുകുട്ടിയാണെന്നുള്ള വിചാരം താരത്തിനുണ്ടെന്നും വിജയ രാഘവന്‍ പറയുന്നു.
‘മാത്യുവിന് സംശയങ്ങളാണ് കൂടുതല്‍. ചിത്രത്തില്‍ പൊലീസാകാന്‍ മാത്യുവിന് പേടിയായിരുന്നു. അസ്സലായി തന്നെ പൊലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് അവന്‍ പൊലീസായി അഭിനയിക്കുന്നത്. അവന്റെ വിചാരം ഇപ്പോഴും കൊച്ചുപയ്യനാണെന്നാണ്. വീട്ടിലൊക്കെ കൊഞ്ചിച്ച് വളര്‍ത്തിയതിന്റെ കുഴപ്പമാണത്. അതുകൊണ്ട് ഞാന്‍ പൊലീസായാല്‍ നന്നാകുമോ എന്നൊരു ഭയം വന്നതാണ്. പക്ഷേ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങിന് ഞാന്‍ കണ്ടപ്പോള്‍ നന്നായിട്ടുണ്ട്.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: X.com
പൊലീസിലേക്ക് ആദ്യമായി കയറുന്ന ചെറുപ്പക്കാരന്റെ ക്യാരക്ടറാണ്. ഷഹദ് ആദ്യം വിളിച്ച് ഈ ക്യാരക്ടര്‍ പറഞ്ഞപ്പോള്‍ അയ്യോ ഞാനിത് ചെയ്താല്‍ നന്നാകുമോ എന്ന സംശയമായിരുന്നു അവന്. അതേസമയം ജീവിതത്തില്‍ നടന്‍ എന്ന നിലയില്‍ എന്നും പേടി വേണം. ഓരോ ക്യാരക്ടേഴ്‌സ് ചെയ്യുമ്പോഴും അതിനോടുള്ള ഒരു ഭയം വേണമല്ലോ, എന്നാലേ നമ്മള്‍ നന്നാവുകയുള്ളൂ. എല്ലാം തികഞ്ഞവനാണെന്ന് വിചാരിച്ചിരുന്നിട്ട് കാര്യമില്ല. എനിക്കിപ്പോഴും പേടിയുണ്ട്,’ വിജയരാഘവന്‍ പറഞ്ഞു.
Content Highlight: Vijaya Raghavan talks about Mathew Thomas’s performance