മലയാളികളുടെ പ്രിയഗായകരിലൊരാളായ വിജയ് യേശുദാസ്, ഗായകൻ എന്നതിലുപരി അഭിനേതാവെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ താരം വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രം ‘ജി.ഡി.എൻ’ ആണ് ചർച്ചയാകുന്നത്.
ചിത്രത്തിൽ ഇ.വി. രാമസ്വാമി നായ്ക്കർ എന്ന പെരിയാറിന്റെ കഥാപാത്രത്തെയാണ് വിജയ് യേശുദാസ് അവതരിപ്പിക്കുന്നത്. പെരിയാറായുള്ള താരത്തിന്റെ മേക്കോവർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഥാപാത്രത്തിനായി വിജയ് നടത്തിയ രൂപമാറ്റവും അതിന് പിന്നിലെ തയ്യാറെടുപ്പുകളുമാണ് വീഡിയോയിൽ കാണിക്കുന്നത്.
പെരിയാറിന്റെ രൂപം കൃത്യമായി കൊണ്ടുവരാൻ അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളും ഓഡിയോ റെക്കോർഡുകളുമെല്ലാം വിജയ് റഫറൻസാക്കിയിരുന്നു. പെരിയാറിന്റെ സംസാരശൈലി മനസിലാക്കാനും വോയ്സ് മോഡുലേഷൻ കൃത്യമായി അവതരിപ്പിക്കാനും അദ്ദേഹത്തിന്റെ ശബ്ദരേഖകൾ പലതവണ കേട്ടിരുന്നെന്നും വിജയ് നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിജയ് യേശുദാസ്.Photo. Screengrab/ Youtube
‘കഥാപാത്രത്തിന്റെ രൂപത്തിനായി താടിയും മുടിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. താടി ഉണ്ടായിരുന്നത് കഥാപാത്രത്തിന്റെ ഗെറ്റപ്പിന് സഹായിച്ചെങ്കിലും, പെരിയാറിന്റെ രൂപത്തിന് അനുയോജ്യമായ രീതിയിൽ അതിന്റെ നീളം ക്രമീകരിക്കുകയായിരുന്നു. അതേസമയം മറ്റൊരു സിനിമയ്ക്കായി മുടി നീട്ടി വളർത്തിയിരുന്നതിനാൽ അത് വെട്ടാൻ സാധിച്ചിരുന്നില്ല. മുടി കെട്ടിവെച്ച ശേഷം അതിന് മുകളിൽ ബോൾഡ് വിഗും പിന്നീട് കഥാപാത്രത്തിന് ആവശ്യമായ മുടിയുടെ വിഗും ഉപയോഗിച്ചാണ് പെരിയാറിന്റെ ലുക്ക് ഒരുക്കിയത്,’ താരം പറഞ്ഞു.
സിനിമ കണ്ട പലർക്കും, പത്ത് വർഷമായി എന്നോടൊപ്പം സൗഹൃദമുള്ള എന്റെ സുഹൃത്തുക്കൾക്ക് പോലും ആദ്യമൊന്നും അത് ഞാൻ ആണെന്ന് മനസിലായിരുന്നില്ല. കുറച്ചുകൂടി ക്ലോസ് ഷോട്ടുകൾ വന്നപ്പോഴാണ് അവർക്ക് മനസിലായത് എന്നും വിജയ് യേശുദാസ് കൂട്ടിച്ചേർത്തു.
വിജയ് യേശുദാസ്.Photo. Facebook.com
പെരിയാറിന്റെ ശബ്ദം പഠിക്കുന്നതിനൊപ്പം ഡയലോഗ് ഡെലിവറിയിലും വിജയ് പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ഗായകനായതിനാൽ സൗണ്ട് മോഡുലേഷനിൽ പരിചയമുള്ളതും കഥാപാത്രത്തെ അവതരിപ്പിക്കാൻ സഹായിച്ചെന്നും താരം വ്യക്തമാക്കി. സിനിമ സിങ്ക് സൗണ്ടിൽ ചിത്രീകരിച്ചതിനാൽ ശബ്ദത്തിലും സംസാരശൈലിയിലും കൂടുതൽ ശ്രദ്ധ നൽകേണ്ടി വന്നിരുന്നുവെന്നും വിജയ് പറഞ്ഞിരുന്നു.
ആർ. മാധവനെ കേന്ദ്ര കഥാപാത്രമാക്കി കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജി.ഡി.എൻ’. ‘ഇന്ത്യയുടെ എഡിസൺ’ എന്നറിയപ്പെടുന്ന വ്യവസായിയും കണ്ടുപിടിത്തക്കാരനുമായ ജി.ഡി. നായിഡുവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ജയറാം, സത്യരാജ്, പ്രിയാമണി, ദുഷാര വിജയൻ, അതിഥി ബാലൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Vijay Yesudas’ look from the film G.D.N goes viral on social media