ന്യൂദല്‍ഹി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) വലിയ സ്വാധീനം ചെലുത്തിയേക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍.
ടി.വി.കെ മറ്റ് കക്ഷികളെ എത്രത്തോളം മോശമായി ബാധിക്കുമെന്ന് ഭാവിയില്‍ കണ്ടറിയാം. ആരുടെ വോട്ടാണ് വിജയ് സ്വന്തമാക്കുന്നതെന്ന് എന്നു മാത്രമാണ് ഇനി അറിയാനുള്ളതെന്നും ധനമന്ത്രി എന്‍.ഡി ടി.വിയുടെ പ്രോഫിറ്റ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.
ഇത്തവണ തമിഴ്‌നാട് തെരഞ്ഞെടുപ്പ് കാണാന്‍ രസകരമായിരിക്കുമെന്നാണ് കരുതുന്നത്. ഡി.എം.കെയുടെ അനുയായികളെയാവും വിജയ് തട്ടിയെടുക്കുക.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ തീരുമാനങ്ങള്‍ക്ക് ശക്തമായ സ്ഥാനമുണ്ട്. ഡി.എം.കെയുടെ സ്ത്രീ വോട്ടുകള്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തോടെ ഇല്ലാതായേക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ, വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ശത്രു ബി.ജെ.പിയാണെന്നും ഡി.എം.കെ രാഷ്ട്രീയ ശത്രുവാണെന്നും പ്രസ്താവിച്ചിരുന്നു.
ഇതിനിടെ ബി.ജെ.പിയുമായി അടുപ്പമുള്ള എ.ഐ.എ.ഡി.എം.കെ ടി.വികെയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ നീക്കങ്ങളെ വിജയ് തള്ളി. ബി.ജെ.പിയുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ സഖ്യമുണ്ടാക്കില്ലെന്നായിരുന്നു വിജയ്‌യുടെ മറുപടി.
സി.എന്‍.അണ്ണാദുരൈ, എം.ജി.ആര്‍ തുടങ്ങിയവരെ പോലെ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചൂവടുമാറിയ ശേഷം വലിയ നേട്ടമുണ്ടാക്കിയതുപോലെ തനിക്കും സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വിജയ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വിജയ്‌യുടെ പാര്‍ട്ടി മത്സരിക്കുമെന്നും അറിയിച്ചിരുന്നു.
Content Highlight: Vijay will influence Tamil Nadu politics; will win over DMK’s women votes; Nirmala Sitharaman