ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇപ്പോഴും സിനിമാ മനോഭാവമാണുള്ളതെന്ന് മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ എസ്.എസ് ശിവശങ്കര്‍. വിജയ് തന്റെ പാര്‍ട്ടിയുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം ഡി.എം.കെ.യുടെയും പൊലീസിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.കെ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മുഖ്യമന്ത്രിയായിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവെന്ന മട്ടിലാണ് വിജയ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സ്വന്തം സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് അനുചിതമാണ്. തന്റെ പാര്‍ട്ടിയുടെ ഭരണപരമായ പരാജയങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുന്നു,’ ശിവശങ്കര്‍ പറഞ്ഞു. കരൂറിലെ തിക്കിനും തിരക്കിനും കാരണമായത് മുന്‍ ഡി.എം.കെ സര്‍ക്കരാണെന്ന ആരോപണവും അദ്ദേഹം തള്ളി.
വിജയ്‌യുടെ സിനിമാ ടീമിന്റെ തെറ്റായ ആസൂത്രണവും പരിപാടി മാനേജ്‌മെന്റിലുണ്ടായ കാലതാമസവുമാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തസമയത്ത് ഇരകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നതിന് പകരം, വിജയ് ജനക്കൂട്ടത്തിന് നേരെ വെള്ളക്കുപ്പികള്‍ എറിഞ്ഞ് പ്രസംഗം തുടരുകയാണ് ചെയ്തതെന്ന് മുന്‍ ഡി.എം.കെ മന്ത്രി വി. സെന്തില്‍ ബാലാജിയും പറഞ്ഞു.
സംഭവത്തിന് ശേഷം പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാതെ വിജയ് സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലേക്ക് മടങ്ങിയതായും അദ്ദേഹം വിമര്‍ശിച്ചു. വിജയ്‌യുടെ പരാമര്‍ശങ്ങള്‍ തികച്ചും കളവാണെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു. അന്ന് ഡി.എം.കെ ഭരണകൂടം കൃത്യസമയത്ത് ഇടപെട്ട് നൂറിലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതിനാലാണ് നിരവധി ജീവനുകള്‍ രക്ഷിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരൂരിലേക്ക് താന്‍ വരുന്നതും റാലിയുടെ വിവരങ്ങളും പൊലീസിന് കൃത്യമായി കൈമാറിയിരുന്നുവെന്നും പൊലീസിനെ വിശ്വസിച്ചാണ് റാലിയുമായി മുന്നോട്ട് പോയതെന്നുമായിരുന്നു വിജയ്‌യുടെ പ്രതികരണം. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളാണ് അതെന്നും അതിപ്പോഴും തന്നെ വേട്ടയാടുന്നുവെന്നും വിജയ് പറഞ്ഞു.
‘ഡി.എംകെയും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കരൂരില്‍ ദുരന്തമുണ്ടാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ‘മതിയായ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നോ? എല്ലാവരും എന്നെ കുറ്റപ്പെടുത്തി. സ്റ്റാലിന്‍ രാഷ്ട്രീയവും കളിച്ചു’- അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഡി.എം.കെ നേതാക്കളുടെ പ്രതികരണം.
Content Highlight: Vijay still has a cinematic mindset; he blames the police and us to mask his failure: DMK.