| Thursday, 15th January 2026, 9:15 am

ജെയിലർ 2-ൽ രജനികാന്തിനൊപ്പം വിജയ് സേതുപതിയും; സ്ഥിരീകരിച്ച് താരം

നന്ദന എം.സി

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർതാരം രജനികാന്ത് നായകനായെത്തുന്ന ‘ജെയിലർ 2’. നിരവധി തെന്നിന്ത്യൻ താരങ്ങൾ ചിത്രത്തിൽ കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നെൽസൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ അതിഥിവേഷത്തിലെത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശ്രദ്ധ നേടിയിരുന്നു.

ഇതോടൊപ്പം മോഹൻലാൽ, രമ്യ കൃഷ്ണൻ, ശിവരാജ് കുമാർ, വിദ്യ ബാലൻ, ഹക്കീം ഷാജഹാൻ എന്നിവർ രജനികാന്തിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ജെയിലർ, Photo: IMDb

ഇപ്പോഴിതാ, ‘ജെയിലർ 2’-ൽ മറ്റൊരു പ്രമുഖ താരം കൂടി അണിനിരക്കുന്നുവെന്ന സ്ഥിരീകരണം പുറത്തുവന്നിരിക്കുകയാണ്. മലയാളികളുടെയും പ്രിയപ്പെട്ട തമിഴ് താരം വിജയ് സേതുപതിയാണ് ചിത്രത്തിലെ താരനിരയിൽ പുതുതായി ചേർന്നിരിക്കുന്നത്.

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് വിജയ് സേതുപതി തന്നെ ഈ വിവരം സ്ഥിരീകരിച്ചത്.

‘ജെയിലർ 2-ൽ ഞാൻ ഒരു കാമിയോ വേഷം ചെയ്യുന്നു. രജനി സാറിനെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. ഇപ്പോൾ എന്നെ ആവേശപ്പെടുത്തുന്ന വില്ലൻ കഥാപാത്രങ്ങളോ അതിഥി വേഷങ്ങളോ മാത്രമാണ് ഞാൻ തിരഞ്ഞെടുക്കുന്നത്, എന്നും താരം വ്യക്തമാക്കി.

ജെയിലർ, Photo: IMDb

നിരവധി തിരക്കഥകൾ താൻ കേട്ടിട്ടുണ്ടെങ്കിലും, ആഗ്രഹമില്ലാത്ത സാധാരണ വില്ലൻ കഥാപാത്രങ്ങൾ സ്വീകരിക്കാറില്ലെന്നും വിജയ് സേതുപതി വ്യക്തമാക്കി.

മലയാളത്തിൽ നിന്നുള്ള വിനായകൻ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നടി മേഘ്ന രാജ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഓഗസ്റ്റിൽ ചിത്രം ബിഗ് സ്ക്രീനിലെത്തിക്കാനാണ് നിർമാതാക്കളുടെ ശ്രമം. സൺ പിക്ചേഴ്സ് ആണ് ‘ജെയിലർ 2’ നിർമ്മിക്കുന്നത്.

Content Highlight: Vijay Sethupathi to play a cameo role in Jailer 2

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more