തന്റെ കഠിനധ്വാനം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ അഭിനേതാവാണ് വിജയ് സേതുപതി. ഷോര്‍ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിജയ് സേതുപതി 2010ല്‍ പുറത്തിറങ്ങിയ തെന്മേര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് അഭിനയപ്രാധാന്യമുള്ള ഒട്ടനവധി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരം നായകനായും വില്ലനായും പിന്നീട് തമിഴില്‍ തിളങ്ങുകയായിരുന്നു. തമിഴിന് പുറത്ത് തെലുങ്കിലും ഹിന്ദിയിലും താരം ശ്രദ്ധേയവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
തമിഴിലും പുറത്തും ശ്രദ്ധിക്കപ്പെടുകയും വലിയ ഹിറ്റാകുകയും ചെയ്ത ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലുള്‍പ്പെട്ട വിക്രം എന്ന ചിത്രത്തില്‍ സന്താനം എന്ന കഥാപാത്രമായി വിജയ് സേതുപതി വേഷമിട്ടിരുന്നു. കമല്‍ ഹാസന്‍ നായകനായ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചതെങ്കിലും വലിയ കൈയടിയായിരുന്നു താരത്തിന്റെ പെര്‍ഫോമന്‍സിന് ലഭിച്ചത്.
വിജയ് സേതുപതി. Photo: X.com
ഇപ്പോഴിതാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ കൈതിയില്‍ താനായിരുന്നു നായകനാകേണ്ടിയിരുന്നതെന്ന് പറയുകയാണ് വിജയ് സേതുപതി. കാര്‍ത്തി നായകനായി 2019ല്‍ പുറത്തിറങ്ങിയ കൈതിയ്ക്ക് വലിയ വിജയം ലഭിക്കുകയും പിന്നാലെ ഇന്ത്യയിലെ തന്നെ ഏറ്റവും വിജയകരമായ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കുകയുമായിരുന്നു. എന്നാല്‍ ചിത്രം പിന്നീട് കാര്‍ത്തി ചെയ്യുകയായിരുന്നുവെന്നും ഇത് തന്നെ വിളിച്ചറിയിച്ചിരുന്നുവെന്നും താരം പറഞ്ഞു.
‘ഞാന്‍ ചെയ്യാതെ വിട്ടതിന് ശേഷം അത് എനിക്ക് ചെയ്യാമായിരുന്നു എന്ന് തോന്നിയത് ഒരു ചിത്രമാണ്. കൈതിയായിരുന്ന് അത്. അന്ന് അത് ഫിക്‌സായിരുന്നില്ല. ഞങ്ങള്‍ പ്രൊജക്ടിനെ കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് കാര്‍ത്തി സാര്‍ ചെയ്യുകയാണെന്ന് പറഞ്ഞു. കാര്‍ത്തി സാര്‍ ഈ കാര്യം എന്നോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു. വി.എസ് ഞാന്‍ ആ റോള്‍ ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍, സൂപ്പറായി ചെയ്യൂ സാര്‍ എന്നായിരുന്നു ഞാന്‍ പറഞ്ഞത്.
കൈതി. Photo: Jio Hotstar
ലോകേഷ് എനിക്ക് അനിയനെ പോലെയാണ്. കാര്‍ത്തി സാര്‍ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ആളുമാണ്. കഥ കേട്ടപ്പോള്‍ തന്നെ ചിത്രം ഹിറ്റാകുമെന്ന് എനിക്കറിയാമായിരുന്നു. ഈ ചിത്രമൊഴിച്ചാല്‍ വേറെ ഒരു പടവും എനിക്ക് അങ്ങനെ ചെയ്യാമായിരുന്നുവെന്ന് തോന്നിയിട്ടില്ല,’ വിജയ് സേതുപതി പറഞ്ഞു.
Content Highlight: Vijay Sethupathi talks about missing his chance to act in Kaithi movie directed by Lokesh Kangaraj