| Sunday, 31st August 2025, 8:04 pm

ഇപ്പോഴുള്ള സംവിധായകരില്‍ ഏറ്റവും മികച്ചയാള്‍, എപ്പോഴെങ്കിലും ഒരുമിച്ച് വര്‍ക്ക് ചെയ്യണം: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച്, ഇന്ന് തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച നടനാണ് വിജയ് സേതുപതി. സഹനടനായും നായകനായും വില്ലനായും സിനമാലോകത്തെ പലപ്പോഴായി വി.ജെ.എസ് ഞെട്ടിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരം തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചു.

കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിനിടെ വിജയ് സേതുപതി നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകന്‍ ആരാണെന്ന ചോദ്യത്തിന് നെല്‍സണ്‍ എന്നാണ് വിജയ് സേതുപതി മറുപടി നല്‍കിയത്.

‘എനിക്ക് അയാളുടെ ഫിലിംമേക്കിങ് ഒരുപാട് ഇഷ്ടമാണ്. മറ്റുള്ളവരില്‍ വ്യത്യസ്തമായാണ് അയാള്‍ സിനിമ ചെയ്യുന്നത്. നമ്മള്‍ ചിന്തിക്കാത്ത പല കാര്യങ്ങളും നെല്‍സന്റെ സിനിമയിലുണ്ടാകും. അത് അയാളുടെ മാത്രം കഴിവാണ്. എന്നെങ്കിലുമൊരിക്കല്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. അത് നടക്കുമെന്നാണ് പ്രതീക്ഷ.

നെല്‍സന്റെ പടങ്ങളില്‍ എന്റെ ഫേവറെറ്റ് ജയിലറാണ്. ആറ് തവണയാണ് ആ പടം ഞാന്‍ കണ്ടത്. തിയേറ്ററില്‍ രണ്ട് വട്ടം, വീട്ടില്‍ നിന്ന് രണ്ട് വട്ടം, ഫ്‌ളൈറ്റില്‍ പോകുന്ന സമയത്ത് വരെ അത് കണ്ടിട്ടുണ്ട്. ആ പടത്തില്‍ രജിനി സാര്‍ വൈന്‍ ഷോപ്പില്‍ നിന്ന് ഇറങ്ങിയ ശേഷം ഒരാളുടെ തല വെട്ടുന്ന സീന്‍ എത്രതവണ കണ്ടെന്ന് ഒരു പിടിയുമില്ല.

ഓരോ സീനിനെയും നെല്‍സണ്‍ സ്‌റ്റേജ് ചെയ്യുന്ന രീതി അടിപൊളിയാണ്. എല്ലാ പടത്തിലും അങ്ങനെയുള്ള സീനുകള്‍ ധാരാളമുണ്ട്. ഓരോ സംവിധായകരും സിനിമക്ക് വേണ്ടി മാത്രം സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ഇയാള്‍ സോങ് റിലീസ് വീഡിയോക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുന്നയാളാണ്,’ വിജയ് സേതുപതി പറഞ്ഞു.

വിഘ്‌നേശ് ശിവന്റെ അസിസ്റ്റന്റായി സിനിമാജീവിതം ആരംഭിച്ചയാളാണ് നെല്‍സണ്‍. നയന്‍താരയെ നായികയാക്കി കോലമാവ്‌ കോകില എന്ന ചിത്രത്തിലൂടെയാണ് നെല്‍സണ്‍ സ്വതന്ത്രസംവിധായകനായത്. പിന്നീട് ഡോക്ടര്‍, ബീസ്റ്റ്, ജയിലര്‍ എന്നീ ചിത്രങ്ങള്‍ നെല്‍സണ്‍ ഒരുക്കി. നിലവില്‍ ജയിലര്‍ 2വിന്റെ പണിപ്പുരയിലാണ് അദ്ദേഹം.

Content Highlight: Vijay Sethupathi saying he wants to work with Nelson

We use cookies to give you the best possible experience. Learn more