മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ജോഡികളായ ജയറാമും ഉർവശിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പരിമള ആൻഡ് കോ’. തമിഴ്‌ലെ പ്രശസ്ത സംവിധായകൻ പാണ്ടിരാജാണ് നീണ്ട 20 വർഷങ്ങൾക്ക് ശേഷം ജനപ്രിയ ജോഡികളെ ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ തെന്നിന്ത്യൻ താരം വിജയ് സേതുപതി ഉർവശിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും തരംഗമാകുന്നത്. നടി ഉർവശിയുടെ കടുത്ത ആരാധകനാണ് താനെന്നും കൂടെ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും വിജയ് സേതുപതി ചടങ്ങിൽ പറഞ്ഞു.
പരിമള ആൻഡ് കോ.Photo:Youtube
‘ഞാൻ ഉർവശി മാമിന്റെ വലിയൊരു ആരാധകനാണ്. ഇതുവരെ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, ഭാവിയിൽ അതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ പഴയ മലയാളം സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്, അത് ഏറെ ആസ്വദിച്ചിട്ടുമുണ്ട്. ഉർവശി മാം പ്രഗത്ഭയായ ഒരു നടിയാണ്. അവർ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ ജനിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.’വിജയ് സേതുപതി പറഞ്ഞു.
ഒരു ഗുണ്ടയുടെ കൊലപാതകവും അതിനെത്തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണവുമാണ് ‘പരിമള ആൻഡ് കോ’ സിനിമയുടെ പ്രമേയം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വൻ സ്വീകാര്യതയാണ് നേടുന്നത്. സൂപ്പർഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പ് ‘പാപനാശ’ത്തിന്റെ ചില റഫറൻസുകളും ട്രെയിലറിൽ കടന്നുവരുന്നുണ്ട്. കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിൽ, തികച്ചും വ്യത്യസ്തവും നർമ്മം നിറഞ്ഞതുമായ ഒരു ട്വിസ്റ്റുമായാണ് ജയറാമും ഉർവശിയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ജയറാം,ഉർവശി.Photo:Panchathanthiram
2006-ൽ പുറത്തിറങ്ങിയ ‘മധുചന്ദ്രലേഖ’ എന്ന സിനിമയിലാണ് ജയറാമും ഉർവശിയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിലൂടെയാണെങ്കിലും ഈ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ തിയേറ്ററുകളിൽ ചിരിയുടെ പൂരം തന്നെയായിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജൂൺ അഞ്ചിന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
Content Highlight: Vijay Sethupathi called Urvashi a brilliant actress and feels privileged to live in her era