| Saturday, 15th August 2026, 3:53 pm

തമിഴ്നാടിന്റെ അവകാശങ്ങൾക്ക് വിരുദ്ധമായ തീരുമാനം കേന്ദ്ര സർക്കാർ എടുത്താൽ ശക്തമായി എതിർക്കും;വിജയ്

ശ്രീലക്ഷ്മി പി.പി

ചെന്നൈ: തമിഴ്നാടിന്റെ അവകാശങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനങ്ങളുണ്ടായാൽ ശക്തമായി എതിർക്കുമെന്ന് മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ ഫോർട്ട് സെന്റ് ജോർജിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയപതാക ഉയർത്തിയ ശേഷം നടത്തിയ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വിജയ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന ചടങ്ങിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവനും സ്വത്തും ത്യജിച്ച അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്വാതന്ത്ര്യസമര സേനാനികൾക്ക് വിജയ് ആദരാഞ്ജലി അർപ്പിച്ചു. ജാതി, മതം, ഭാഷ, വംശം തുടങ്ങിയ വേർതിരിവുകൾ മറികടന്ന് ജനങ്ങൾ ഒന്നിക്കുമ്പോഴാണ് യഥാർഥ സ്വാതന്ത്ര്യം സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാടിനെ കൈക്കൂലിയിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ തുടർച്ചയായാണ് സർക്കാർ കാണുന്നതെന്ന് വിജയ് വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമവും സാമൂഹികനീതിയും മുൻനിർത്തിയാകും സർക്കാർ പ്രവർത്തിക്കുകയെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് ഗുണകരമായ പദ്ധതികളിൽ കേന്ദ്രസർക്കാരുമായി ഭരണപരമായ സഹകരണം തുടരും. എന്നാൽ തമിഴ്നാടിന്റെ നയങ്ങൾക്കും അവകാശങ്ങൾക്കും താത്പര്യങ്ങൾക്കും എതിരായ തീരുമാനങ്ങൾ വന്നാൽ ടി.വി.കെ സർക്കാർ അതിനെ ശക്തമായി എതിർക്കുമെന്നും വിജയ് വ്യക്തമാക്കി.

‘തമിഴ്നാടിന്റെ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, സംസ്ഥാനത്തിന്റെ അവകാശങ്ങൾക്ക് എതിരായോ തമിഴ്നാടിന് എതിരായോ തീരുമാനങ്ങൾ വന്നാൽ ടി.വി.കെ സർക്കാർ അതിനെ എപ്പോഴും എതിർക്കും,’ വിജയ് പറഞ്ഞു.

അതുപോലെ, സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം പൂർണമായും ഒഴിവാക്കി തമിഴ്നാട് സർക്കാർ. ഫോർട്ട് സെന്റ് ജോർജിൽ ദേശീയപതാക ഉയർത്തിയപ്പോൾ ദേശീയഗാനം മാത്രമാണ് ആലപിച്ചത്.

അതേസമയം വിജയ് തന്റെ പ്രസംഗത്തിൽ തമിഴ് ജനതയ്ക്കും ജെൻ -Z യുവാക്കൾക്കും നന്ദി പറഞ്ഞു.ലോകമെമ്പാടുമുള്ള തമിഴ് ജനങ്ങൾക്കും തമിഴ്നാട്ടിലെ ജനങ്ങൾക്കും ‘ജെൻസി യുവ സഖാക്കൾക്കും’ ഫോർട്ട് സെന്റ് ജോർജിൽ ദേശീയപതാക ഉയർത്താനും സ്വാതന്ത്ര്യദിന പ്രസംഗം നടത്താനും അവസരം നൽകിയതിന് വിജയ് നന്ദി അറിയിച്ചു.

ജാതി-മത വേർതിരിവുകൾക്കും പണത്തിന്റെയും പേശീബലത്തിന്റെയും രാഷ്ട്രീയത്തിനും എതിരായി ജനങ്ങൾ നൽകിയ പിന്തുണയാണ് സാമൂഹികനീതിയിൽ അധിഷ്ഠിതമായ സർക്കാരിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി ജയലളിത ആരംഭിച്ച അമ്മാ ഉണവകം പദ്ധതി പരിഷ്കരിച്ച് തുടരുമെന്നും വിജയ് പ്രഖ്യാപിച്ചു. സർക്കാർ പ്രഭാതഭക്ഷണ പദ്ധതി ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളിലേക്ക് വ്യാപിപ്പിക്കും. സെപ്റ്റംബർ 17ന് പെരിയാറിന്റെ ജന്മദിനത്തിൽ പദ്ധതി വിപുലീകരണത്തിന് തുടക്കമിടുമെന്നും അദ്ദേഹം അറിയിച്ചു.

717 ടാസ്മാക് മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടിയതായും ഭരണസംവിധാനത്തിൽ കമ്പ്യൂട്ടർവത്ക്കരണം നടപ്പാക്കുന്നതായും വിജയ് പറഞ്ഞു. കർഷകരുടെ വായ്പ ഇളവുകളും കുറുവൈ കൃഷി പാക്കേജും ഉൾപ്പെടെയുള്ള പദ്ധതികൾക്കായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight:Vijay said that the Tamil Nadu government would strongly oppose any decision by the Central government that goes against the rights of Tamil Nadu.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more