| Tuesday, 23rd December 2025, 7:20 am

രജിനി മുതല്‍ ഷാരൂഖിനെ വരെ താഴെയിറക്കിയ വിജയ്, ട്രോളിനൊന്നും ഒരു പരിധിയുമില്ല

അമര്‍നാഥ് എം.

എത്ര വലിയ സൂപ്പര്‍സ്റ്റാറുകളായാലും യാതൊരു ദാക്ഷിണ്യവുമില്ലാതെ അവരെ ട്രോളുന്ന കാര്യത്തില്‍ തമിഴ് ട്രോള്‍ പേജുകള്‍ വളരെ മുന്നിലാണ്. മീം കള്‍ച്ചറിന്റെ കാര്യത്തില്‍ മലയാളികളെക്കാള്‍ പലപ്പോഴും തമിഴ് പേജുകള്‍ തന്നെയാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. അത്തരത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ഒരു ട്രോള്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വിജയ് അധ്യക്ഷനായ ടി.വി.കെ പാര്‍ട്ടിയുടെ പുതുച്ചേരി സമ്മേളനത്തിലാണ് ട്രോളിന് കാരണമായ സംഭവം നടന്നത്. വിജയ് സംസാരിക്കുന്നതിനിടയില്‍ സ്പീക്കറുകള്‍ വെച്ച സ്റ്റാന്‍ഡിന് മുകളില്‍ ഒരാള്‍ കയറി നില്‍ക്കുകയും വിജയ്‌യുടെ നേരെ കൈവീശി കാണിക്കുകയും ചെയ്തിരുന്നു. അയാളോട് താഴെയിറങ്ങാന്‍ വിജയ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ വൈറലായി മാറി.

‘തമ്പീ, കീഴെയിറങ്ക് പ്പാ, കീഴെയിറങ്ക്…. കീഴെയറിങ്കിനാ താന്‍ മുത്തം കൊടുപ്പേന്‍’ (അനിയാ താഴെയിറങ്ങ്… താഴെയിറങ്ങാന്‍….. താഴെയിറങ്ങിയാല്‍ മാത്രമേ മുത്തം തരുള്ളൂ) എന്നായിരുന്നു വിജയ് പറഞ്ഞത്. ഈയൊരു ഭാഗം പല തരത്തിലാണ് ട്രോളന്മാര്‍ ഉപയോഗിച്ചത്. അതില്‍ രജിനികാന്ത് മുതല്‍ ഷാരൂഖ് ഖാന്‍ വരെ ഇരയായി മാറി.

തന്റെ പിറന്നാള്‍ ദിനത്തില്‍ ടെറസില്‍ കയറി മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ കൈവീശുന്ന രജിനികാന്തിനോട് വിജയ് താഴെയിറങ്ങാന്‍ പറയുന്നതായി കാണിക്കുന്ന ട്രോള്‍ വീഡിയോക്ക് വന്‍ റീച്ചാണ്. രണ്ട് സീനുകളും പെര്‍ഫക്ടായി സിങ്ക് ആകുന്ന രീതിയില്‍ എഡിറ്റ് ചെയ്തയാളെ നിരവധിപ്പേര്‍ പ്രശംസിച്ച് രംഗത്തെത്തി.

ഷാരൂഖ് തന്റെ വസതിയായ മന്നത്തിന്റെ ടെറസില്‍ കയറി നിന്ന് ഐക്കോണിക് പോസ് കാണിച്ച ഷാരൂഖിനോട് താഴെയിറങ്ങാന്‍ വിജയ് പറയുന്ന വീഡിയോയും വൈറലായി മാറി. സ്‌പൈഡര്‍ മാന്‍ നോ വേ ഹോമിന്റെ ഓപ്പണിങ് സീനില്‍ ടവറിന് മുകളില്‍ കയറിയിരിക്കുന്ന പീറ്റര്‍ പാര്‍ക്കറിനെയും വിജയ് താഴെയിറക്കുന്നുണ്ട്. മറ്റ് താരങ്ങളുടെ വീഡിയോ മാത്രമല്ല, വിജയ്‌യുടെ രംഗങ്ങളും ഇത്തരത്തില്‍ ട്രോള്‍ മെറ്റീരിയലാണ്.

മാസ്റ്റര്‍ സിനിമയുടെ ഇന്‍ട്രോ സീനില്‍ ബസ്സിലേക്ക് ഓടിക്കയറുന്ന വിജയ്‌യെ താഴെയിറക്കുന്ന വീഡിയോയും ആളുകളെ ചിരിപ്പിക്കുന്നുണ്ട്. കുരുവി എന്ന ചിത്രത്തിലെ ഐക്കോണിക് ചാട്ടവും ഇത്തരത്തില്‍ ട്രോളന്മാരുടെ ഇരയായിട്ടുണ്ട്. ഒരൊറ്റ വീഡിയോ ഉപയോഗിച്ച് നിരവധി ടെംപ്ലേറ്റുകള്‍ നിര്‍മിക്കുന്ന തമിഴ് ട്രോള്‍ പേജുകളുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കാനും ആരും മടിക്കുന്നില്ല.

Content Highlight: Vijay’s video in TVK conference became troll material

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more