റീ റിലീസ് ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ കാര്യമൊന്നുമല്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി നിരവധി ചിത്രങ്ങള്‍ സമീപ കാലത്ത് റീ റിലീസ് ചെയ്യുകയും തിയേറ്ററില്‍ ആഘോഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിജയ് നായകനായെത്തി 2016ല്‍ പുറത്തിറങ്ങിയ തെരി റീ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പൊങ്കല്‍ റീ റിലീസായെത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ ഡേറ്റ് കഴിഞ്ഞ ദിവസം പോസ്റ്റ് പ്പോണ്‍ ചെയ്തിരുന്നു. 2026ല്‍ പൊങ്കല്‍ റിലീസിനെത്തേണ്ടിയിരുന്ന സിനിമ, നിര്‍മാതാക്കളുടെ അഭ്യര്‍ത്ഥനയാല്‍ മാറ്റി വെക്കുകയായിരുന്നു. തെരി ജനുവരി 23ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അജിത് കുമാര്‍ നായകനായെത്തുന്ന മാങ്കാത്തയും അതേ ദിവസം റീ റിലീസിനെത്തുന്നുണ്ട്.
ഈ മാസം വരാന്‍ പോകുന്നത് റീ റിലീസ് ക്ലാഷാണെന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഇറ്റ്‌സ് തെരി വേഴ്‌സസ് മങ്കാത്ത, ദി ഫസ്റ്റ് എവര്‍ റീ റിലീസ് ക്ലാഷ് എന്നീ പോസ്റ്റുകള്‍ എക്‌സിലും മറ്റും വൈറലാണ്.
പോസ്റ്റിന് താഴെ തലയുടെയും ദളപതി ആരാധകരുടെ കമന്റുകളും നിറയുന്നുണ്ട്. സംശയമൊന്നും വേണ്ട ഇത് തെരി തന്നെ കൊണ്ടു പോകും, വണ്‍ ലാസ്റ്റ് ക്ലാഷ്, തെരി എളുപ്പത്തില്‍ വിജയിക്കുമെന്നുമുള്ള വിജയ് ആരാധകരുടെ കമന്റുകള്‍ കാണാം. എന്നാല്‍ അജിത്തിന്റെ മങ്കാത്ത കാണാനും കാണികള്‍ വേയിറ്റിങ്ങാണ്. ഇതൊക്കെയാണ് ക്ലാഷ്, ഇനിയാണ് കത്തിക്കല്‍ തുടങ്ങിയ കമന്റുകള്‍ കാണാം.
1996 മുതല്‍ നിരവധി വിജയ്-അജിത് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഒരേസമയം റിലീസ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂര്‍ മാപ്പിളൈയും വാന്‍മതിയും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയിരുന്നു. 2023 ലാണ് ഇവരുടെ ചിത്രങ്ങള്‍ അവസാനമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത്. പൊങ്കല്‍ റിലീസായെത്തിയ വാരിസും തുനിവും.
അജിത്തും വിജയ്‌യും തമ്മിലുള്ള മറ്റൊരു ബോക്‌സ് ഓഫീസ് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. സംവിധായകന്‍ അറ്റ്‌ലിയും വെങ്കട്ട് പ്രഭുവും തമ്മിലുള്ള ക്ലാഷാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്.
അറ്റ്‌ലിയുടെ സംവിധാനത്തില്‍ 2016ലെത്തിയ തെരിയുടെ റീ റിലീസ് ട്രെയ്‌ലര്‍ നാളെ പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മങ്കാത്തയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയും ചെയ്തിരുന്നു. റീ റിലീസ് ആര് തൂക്കുമെന്ന് കാത്തിരുന്നു കാണാം.
Content Highlight: Vijay’s Theri and Ajith Kumar’s Mankatha are set to clash in a re-release clash
=