ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങിയ തന്നെ തകര്‍ക്കാനായി എതിരാളികളായ ഡി.എം.കെയും ബി.ജെ.പിയും നിരവധി തന്ത്രങ്ങളാണ് മെനയുന്നതെന്ന് ആരോപിച്ച് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്.
ഈയടുത്തായി തനിക്കുണ്ടായ തിരിച്ചടികള്‍ക്കെല്ലാം കാരണം രാഷ്ട്രീയ എതിരാളികളാണ്. അത് ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും വിജയ് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ആരോപിച്ചു.
അവര്‍ ജനനായകന്‍ തടഞ്ഞു. അങ്ങനെ സിനിമ തടഞ്ഞാല്‍ മാനസികമായി തകര്‍ക്കാമെന്ന് കണക്കുകൂട്ടി. ആരാണ് മുടക്കിയത് ജനങ്ങള്‍ക്കറിയാം. അത് താന്‍ പറയേണ്ട ആവശ്യമില്ല. എന്നാല്‍, സിനിമ മുടങ്ങിയിട്ടും അതൊന്നും കാര്യമാക്കാതെ താന്‍ മുന്നോട്ട് പോയി.
തനിക്ക് തന്റെ വഴിയെന്ന രീതിയില്‍ മുന്നോട്ട് പോയതോടെ എന്ത് ചെയ്ത് തകര്‍ക്കാനാകുമെന്നായി അടുത്ത ആലോചന. തുടര്‍ന്നാണ് തനിക്കെതിരെ മാത്രം എസ്.ഒ.പി ഏര്‍പ്പെടുത്തിയതെന്ന് വിജയ് ആരോപിച്ചു.
‘വിജയ്ക്ക് മാത്രം പ്രത്യേക നിയമം. വിജയ്ക്ക് മാത്രം പ്രത്യേക നിബന്ധനകള്‍. അവന്‍ പുറത്തുവരരുതെന്ന് അവര്‍ ആഗ്രഹിച്ചു. ജനങ്ങളില്‍ നിന്ന് അകറ്റാനായി പല നിബന്ധനകളും വെച്ചു. അതും നടപടിയായില്ല. ഇനിയെന്ത് ചെയ്യുമെന്നായി പിന്നെ അവരുടെ ആലോചന. തുടര്‍ന്നാണ് എനിക്ക് ചുറ്റും വര്‍ഷങ്ങളായി കൂടെയുള്ളവരെ ചേര്‍ത്ത് അപവാദങ്ങള്‍ പ്രചരിപ്പിച്ചത്,’ വിജയ് പറഞ്ഞു.
ഇത്ര വര്‍ഷവും കാത്തിരുന്ന് കൃത്യമായി തെരഞ്ഞെടുപ്പിന് 30 ദിവസം മുമ്പ് ഇങ്ങനെ ഒരു ആരോപണം തനിക്കെതിരെ ഉന്നയിച്ചതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. അത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. ആ അപവാദങ്ങളും ജനങ്ങള്‍ ഏറ്റെടുത്തില്ലെന്ന് വിജയ് പൊതുയോഗത്തില്‍ പറഞ്ഞു.
ഇത്തരത്തില്‍ എത്രയോ വേദനകളും ദുഃഖങ്ങളും അവര്‍ നല്‍കി. എന്നാല്‍ എന്തൊക്കെ ചെയ്താലും ഡി.എം.കെക്കോ ബി.ജെ.പിക്കോ അല്ലെങ്കില്‍ മറ്റേത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് വിജയ് പറഞ്ഞു.
ഏത് കൊമ്പനായാലും തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു സിനിമാസ്റ്റൈലിലുള്ള പ്രസംഗത്തിലെ വിജയ്‌യുടെ അവകാശവാദം.
ഏപ്രില്‍ 23-ന് ഒറ്റത്തവണയായാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. വിജയ് യുടെ ടി.വി.കെ മുഴുവന്‍ മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് പാര്‍ട്ടി സ്ഥാപകനായ വിജയ് ജനവിധി തേടുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം മേയ് നാലിന് തമിഴ്‌നാട്ടിലും വോട്ടെണ്ണും.
Content Highlight: Vijay’s Allegations against DMK and BJP