സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ താരനിര കൊണ്ടാണ്. ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും അണിനിരക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പട്ടി ഷോ എന്ന് പേരിട്ടിരിക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടിയത്. ബേസിലിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഗാനം മുന്നോട്ടുപോകുന്നത്. കോളേജില്‍ മറ്റുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യുന്ന സാം ബോയ് ഇതിനോടകം വൈറലായി.
പാട്ടിനിടയിലെ സോഷ്യല്‍ മീഡിയ റഫറന്‍സും ഒരുപാട് ശ്രദ്ധ നേടിയിരുന്നു. തമിഴ് സൂപ്പര്‍താരം വിജയ്‌യുടേതായി അടുത്തിടെ വൈറലായ ‘തമ്പീ കീഴെയിറങ്ക് പാ’ എന്ന ഡയലോഗാണ് പാട്ടിനിടയില്‍ ബേസില്‍ ഉപയോഗിച്ചത്. ടി.വി.കെയും സമ്മേളനത്തിനിടയില്‍ വിജയ് പറഞ്ഞ ഡയലോഗ് ഒരുപാട് ട്രോള്‍ പേജുകളില്‍ കണ്ടന്റായി മാറിയിരുന്നു.
താരത്തെ കാണാനായി സ്പീക്കര്‍ സ്റ്റാന്‍ഡിലേക്ക് വലിഞ്ഞുകയറിയ അണിയെ താഴെയിറക്കാനായി വിജയ് പറഞ്ഞ ഡയലോഗ് പല രീതിയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. പല സിനിമാരംഗങ്ങളിലും ഈ ഡയലോഗ് ഉപയോഗിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോകള്‍ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഒരു മലയാള സിനിമയിലും ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുകയാണ്.
മലയാളസിനിമയില്‍ ഏറ്റവുമധികം റഫറന്‍സ് സീനുകള്‍ ലഭിച്ചിട്ടുള്ളത് വിജയ്ക്കാണെന്നതും ശ്രദ്ധേയമാണ്. പല സിനിമകളിലും വിജയ്‌യുടെ ഹിറ്റ് രംഗങ്ങളും ഡയലോഗുകളും ഉപയോഗിച്ചത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കേരളത്തില്‍ വിജയ്ക്ക് ഉള്ള റീച്ചും സ്വാധീനവുമാണ് ഇത്തരം റഫറന്‍സുകള്‍ക്ക് കാരണം. അതിരടിയിലും അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
മെയ് 14നാണ് അതിരടി തിയേറ്ററുകളിലെത്തുക. മിന്നല്‍ മുരളിയില്‍ ബേസിലിന്റെ സംവിധാന സഹായിയായിരുന്ന അരുണ്‍ അനിരുദ്ധന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം പക്കാ എന്റര്‍ടൈനറാണെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ ബേസിലാണ്. സര്‍വ്വം മായയിലൂടെ ശ്രദ്ധ നേടിയ റിയ ഷിബുവാണ് ചിത്രത്തിലെ നായിക.
Content Highlight: Vijay Reference in Athiradi movie song viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ