| Tuesday, 30th September 2025, 4:01 pm

തെറ്റ് ചെയ്തിട്ടില്ല, കരൂരില്‍ മാത്രം എന്തുകൊണ്ട്? ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പ്രതികരണവുമായി തമിഴക വെട്രി കഴകം മേധാവിയും നടനുമായ വിജയ്. തന്റെ ഹൃദയത്തില്‍ ഇപ്പോള്‍ വലിയ ആഴത്തിലുള്ള വേദന മാത്രമേയുള്ളുവെന്ന് വിജയ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിജയ്‌ന്റെ പ്രതികരണം.

ആളുകള്‍ കരൂരിലെ റാലിക്ക് എത്തിയത് തന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണെന്നും ജനങ്ങള്‍ തനിക്ക് നല്‍കുന്ന സ്‌നേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കണമെന്ന് കരുതിയിട്ടില്ല. സത്യം ഉടന്‍ മറനീക്കി പുറത്തുവരുത്തുമെന്നും ടി.വി.കെ തെറ്റ് ചെയ്തിട്ടില്ലെന്നും വിജയ് പറഞ്ഞു.

ഒരു തെറ്റും ചെയ്യാതെയാണ് ടി.വി.കെ പ്രവര്‍ത്തകര്‍ക്ക് മേല്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയാ പേജുകൾ ഹാന്‍ഡില്‍ ചെയ്യുന്നവര്‍ക്കെതിരെ പോലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി.എം സർ… പ്രതികാരം ചെയ്യാനാണെങ്കില്‍ അത് തന്നോട് ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായ സമയം താന്‍ കരൂരില്‍ തുടരുകയായിരുന്നെങ്കില്‍ അത് മറ്റുപല പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേനെയെന്നും വിജയ് പറഞ്ഞു. ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനവും വിജയ് രേഖപ്പെടുത്തി. ചികിത്സയില്‍ തുടരുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിജയ് പറഞ്ഞു.

ചികിത്സയില്‍ കഴിയുന്നവരെയും മരണപ്പെട്ടവരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കരൂര്‍ ദുരന്തത്തില്‍ അറസ്റ്റിലായ ടി.വി.കെ നേതാക്കള്‍ നിലവില്‍ റിമാന്‍ഡിലാണ്. മതിയഴകന്‍, പൗന്‍ രാജ് എന്നിവരെയാണ് റിമാന്‍ഡില്‍ വിട്ടത്.

ഒക്ടോബര്‍ 14 വരെയാണ് റിമാന്‍ഡിന്റെ കാലാവധി. പ്രതികള്‍ക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടകളും ഉണ്ടാക്കരുതെന്ന് പൊലീസിന് കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ട്.

ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് വിജയ്‌യുടെ നേതൃത്വത്തില്‍ കരൂരില്‍ നടന്ന ടി.വി.കെ റാലിക്കിടെ അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് സംഭവദിവസം തന്നെ മരണപ്പെട്ടത്. പിന്നീട് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ കൂടി മരണപ്പെട്ടു. നിലവില്‍ അഞ്ചിലധികം പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Content Highlight: Vijay reacts to Karur TVK rally tragedy

We use cookies to give you the best possible experience. Learn more