| Monday, 3rd February 2025, 4:34 pm

ആ സിനിമയില്‍ അഭിനയിച്ചതില്‍ ഞാനിപ്പോള്‍ റിഗ്രറ്റ് ചെയ്യുന്നു, പറ്റിക്കപ്പെട്ടു: വിജയ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായും നടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് വിജയ് മേനോന്‍. 1981ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിദ്രയിലെ നായകനായിട്ടാണ് വിജയ് മേനോന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഏതാനും സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത അദ്ദേഹത്തിന് മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനും സഹനടനുമുള്ള സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.

ഇപ്പോള്‍ തനിക്ക് ജീവിതത്തിലേറ്റവും കൂടുതല്‍ പശ്ചാത്താപം തോന്നിയ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഇനിയും പുറത്തിറങ്ങാത്ത വേദപുരി എന്ന സിനിമയില്‍ അഭിനയിച്ചതാണ് തന്റെ ജീവിതത്തില്‍ ഏറ്റവും അധികം റിഗ്രറ്റ് തോന്നിയ സംഭവമെന്നാണ് വിജയ് മേനോന്‍ പറയുന്നത്. ഈ സിനിമയുടെ പേരില്‍ താന്‍ കബളിപ്പിക്കപ്പെട്ടെന്നും സിനിമ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പറഞ്ഞുറപ്പിച്ച പ്രതിഫലം ഈ സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ചില്ലെന്നും ഇത് സംബന്ധിച്ച അമ്മ സംഘടനയില്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും വിജയ് മേനോന്‍ പറയുന്നു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ ഗ്രാഗണ്‍ ജിറോഷാണ് വേദാപുരിയുടെ സംവിധായകന്‍.

‘ശമ്പളത്തിന്റെ കാര്യത്തില്‍ വാശിയില്ല. പക്ഷെ, പറഞ്ഞത് പാലിക്കണം. ഈ അടുത്തും പ്രതിഫലത്തിന്റെ കാര്യത്തില്‍ പറ്റിക്കപ്പെട്ടിടുണ്ട്. നാല് മാസങ്ങള്‍ക്ക് മുമ്പ്. അക്കാര്യത്തില്‍ ഞാന്‍ വളരെ ദുഖിതനാണ്. അങ്ങനെ നടക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. ആ സംവിധായകന്‍ ശരിയല്ലാത്ത രീതിയിലാണ് മുന്നോട്ട് പോയത്. ഇപ്പോഴും ആ പടം ബ്ലോക്കായി കിടക്കുകയാണ്.

സംവിധായകന്റെ പ്രയോരിറ്റീസെല്ലാം മാറി. സിനിമക്ക് പുറത്തുള്ള മറ്റു കാര്യങ്ങളിലായി അദ്ദേഹത്തിന്റെ മുന്‍ഗണന. ആ സിനിമ ഏല്‍ക്കണ്ടായിരുന്നു എന്ന് ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നു. ഈ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ഞാന്‍ വളരെയേറെ റിഗ്രറ്റ് ചെയ്യുന്നു.

വേദപുരി എന്നാണ് സിനിമയുടെ പേര്. സംവിധായകന്‍ ആരാണെന്ന് അറിഞ്ഞാലും എനിക്ക് പ്രശ്‌നമില്ല. കാരണം, അദ്ദേഹം അങ്ങനെയാണ് പെരുമാറിയിട്ടുള്ളത്. അദ്ദേഹം ശരിയായിരുന്നില്ല. എന്നെ ഇത്രയും വേദനിപ്പിച്ചതിനാല്‍ അദ്ദേഹത്തിന്റെ പേര് പറയുന്നു. ജിറോഷ് എന്നാണ് അദ്ദേഹത്തിന്റെ പേര്.

എനിക്ക് പകരം പിന്നെ അദ്ദേഹത്തിന്റെ സഹോദരനെയും ഡ്യൂപ്പിനെയും വെച്ച് ആ സിനിമ തുടര്‍ന്നു. ഇത് സംബന്ധിച്ച് ഞാന്‍ അമ്മയില്‍ എഴുത്ത് നല്‍കിയിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം റിഗ്രറ്റ് ചെയ്തത് ഈ സംഭവമാണ്,’ വിജയ് മേനോന്‍ പറഞ്ഞു.

CONTENT HIGHLIGHTS: Vijay Menon says he regrets acting in the film ‘Vedapuri’

We use cookies to give you the best possible experience. Learn more