| Tuesday, 6th January 2026, 6:58 pm

സഞ്ജു കേരളത്തിനും സാലിക്കുമെതിരെ കളിക്കുന്നത് പോലെ; അടുത്ത മത്സരത്തില്‍ കാര്യങ്ങളിങ്ങനെ

ആദര്‍ശ് എം.കെ.

വിജയ് ഹസാരെ ട്രോഫിയില്‍ നോക്ക്ഔട്ട് ലക്ഷ്യമിട്ടാണ് കേരളം കുതിക്കുന്നത്. നിലവില്‍ കളിച്ച ആറ് മത്സരത്തില്‍ നാലിലും വിജയിച്ച് എലീറ്റ് എ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ആറില്‍ ആറും വിജയിച്ച് കര്‍ണാടകയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ജനുവരി ഒമ്പതിനാണ് കേരളത്തിന്റെ അടുത്ത മത്സരം. അഹമ്മദാബാദിലെ എ.ഡി.എസ്.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അയല്‍ക്കാരായ തമിഴ്‌നാടാണ് എതിരാളികള്‍.

ഇരട്ട സഹോദരന്‍മാരായ രണ്ട് താരങ്ങള്‍ രണ്ട് ടീമിന് വേണ്ടി കളത്തിലിറങ്ങുന്ന കാഴ്ചയ്ക്ക് കൂടിയാണ് കേരളം – തമിഴ്‌നാട് മത്സരം സാക്ഷ്യം വഹിക്കുന്നത്. കേരളത്തിന്റെ തമിഴ്‌നാട് താരം ബാബ അപരാജിതും തമിഴ്‌നാട് താരം ബാബ ഇന്ദ്രജിത്തുമാണ് ഈ അപൂര്‍വ സഹോദരങ്ങള്‍.

ഇന്ദ്രജിത്തും അപരാജിത്തും ടി.എന്‍.പി.എല്ലില്‍. Photo: Nellai Royal Kings/x.com

നേരത്തെ ആഭ്യന്തര തലത്തില്‍ തമിഴ്‌നാടിന് വേണ്ടി കളിച്ചിരുന്ന താരമാണ് ബാബ അപരാജിത്. 2024-25 സീസണിലാണ് താരം കേരളത്തിലേക്ക് ചുവടുമാറ്റിയത്. അന്നുതൊട്ടിന്നോളം അപരാജിത് കേരള ടീമിലെ നിര്‍ണായക സാന്നിധ്യമാണ്.

വിജയ് ഹസാരെ ട്രോഫിയില്‍ ഈ സീസണില്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനമാണ് ഈ തമിഴ്‌നാട് ഓള്‍റൗണ്ടര്‍ പുറത്തെടുക്കുന്നത്. 93.50 ശരാശരിയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമടക്കം ആറ് മത്സരത്തില്‍ വിന്നും 379 റണ്‍സടിച്ച താരം 21.33 ശരാശരിയില്‍ 12 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

രാജസ്ഥാനെതിരെ നേടിയ 126 റണ്‍സാണ് ബാറ്റിങ്ങിലെ മികച്ച പ്രകടനം. ത്രിപുരയ്‌ക്കെതിരെ 15 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയും താരം കരുത്ത് കാട്ടി.

എന്നാല്‍ അപരാജിതുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രകണ്ട് മികച്ച പ്രകടനമല്ല ഇന്ദ്രജിത്ത് നടത്തുന്നത്. ആറ് മത്സരത്തില്‍ നിന്നും 28.6 ശരാശരിയില്‍ 172 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു അര്‍ധ സെഞ്ച്വറി പോലും ഇന്ദ്രജിത്തിന്റെ പേരിലില്ല. ജാര്‍ഖണ്ഡിനെതിരെ 61 പന്തില്‍ നേടിയ 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ടി.എന്‍.പി.എല്ലില്‍. ചെപ്പോക് സൂപ്പര്‍ ഗില്ലീസ് ജേഴ്‌സിയില്‍ അപരാജിത്തും ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ജേഴ്‌സിയില്‍ ഇന്ദ്രജിത്തും. Photo: TNPL/x.com

ടൂര്‍ണമെന്റില്‍ തമിഴ്‌നാടിന്റെ സ്ഥാനവും അത്രകണ്ട് സെയ്ഫല്ല. ആറ് മത്സരത്തില്‍ നാലിലും പരാജയപ്പെട്ട ടീം എട്ട് പോയിന്റുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ അഞ്ചാം സ്ഥാനത്താണ്.

Content Highlight: Vijay Hazare Trophy: Kerala vs Tamil Nadu: Baba Indrajith will face Baba Aparajith

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more