| Wednesday, 24th December 2025, 5:37 pm

സഞ്ജുവില്ലാത്ത കേരളത്തിന് 145 റണ്‍സിന്റെ കൂറ്റന്‍ ജയം; ഇന്ത വാട്ടി മിസ് ആകാത്

ആദര്‍ശ് എം.കെ.

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തോടെ തുടങ്ങി കേരളം. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ത്രിപുരയ്‌ക്കെതിരെ 145 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കേരളം നേടിയത്. കേരളം ഉയര്‍ത്തിയ 349 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ത്രിപുര 203ന് പുറത്തായി.

മത്സരത്തില്‍ ടോസ് നേടിയ ത്രിപുര കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സഞ്ജു സാംസണ്‍ കളത്തിലിറങ്ങാതിരുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മലും അഭിഷേക് നായരും ചേര്‍ന്ന് മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് സമ്മാനിച്ചത്.

ടീം സ്‌കോര്‍ 49ല്‍ നില്‍ക്കവെ അഭിഷേകിനെ പുറത്താക്കി മണിശങ്കന്‍ മുരസിങ്ങാണ് ത്രിപുരയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 24 പന്ത് നേരിട്ട് 21 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ വിശ്വസ്തന്‍ അഹമ്മദ് ഇമ്രാനെയും പുറത്താക്കിയ ത്രിപുര നായകന്‍ കേരളത്തിന് മേല്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു.

പിന്നാലെയെത്തിയ ബാബ അപരാജിതിനെ ഒപ്പം കൂട്ടിയ രോഹന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ തുടങ്ങി. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് കേരളം അടിച്ചുകയറിയത്.

ടീം സ്‌കോര്‍ 178ല്‍ നില്‍ക്കവെ രോഹനെ പുറത്താക്കി വിജയ് ശങ്കര്‍ കൂട്ടുകെട്ട് പൊളിച്ചു. അര്‍ഹിച്ച സെഞ്ച്വറിക്ക് ആറ് റണ്‍സകലെയാണ് കേരള നായകന്‍ മടങ്ങിത്.

സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് കൂടി ചേര്‍ത്തതിന് പിന്നാലെ അപരാജിതിന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. 73 പന്തില്‍ 64 റണ്‍സാണ് താരം അടിച്ചെടുത്തത്.

രോഹനും അപരാജിതും അവസാനിപ്പിച്ചിടത്ത് നിന്നും തുടങ്ങിയ വിഷ്ണു വിനോദ് സെഞ്ച്വറിയുമായാണ് കരുത്ത് കാട്ടിയത്. 62 പന്ത് നേരിട്ട താരം ആറ് സിക്‌സറും ഒമ്പത് ഫോറും അടക്കം പുറത്താകാതെ 102 റണ്‍സ് നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 348 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ത്രിപുരയ്ക്കായി ക്യാപ്റ്റന്‍ മണിശങ്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കറും അഭിജിത് സര്‍ക്കാറും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയ്ക്ക് മികച്ച തുടക്കമാണ് ടോപ്പ് ഓര്‍ഡര്‍ സമ്മാനിച്ചത്. തേജസ്വി ജെയ്‌സ്വാള്‍ (59 പന്തില്‍ 40), ഉദിയാന്‍ ബോസ് (27 പന്തില്‍ 29), ശ്രിദം പോള്‍ (50 പന്തില്‍ 67) എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് ബാറ്റര്‍മാരുടെ സ്‌കോര്‍.

ടോപ്പ് ഓര്‍ഡര്‍ സമ്മാനിച്ച മൊമെന്റം എന്നാല്‍ പിന്നാലെയെത്തിയവര്‍ക്കുണ്ടായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കേരള ബൗളര്‍മാര്‍ മത്സരം കൈപ്പിടിയിലൊതുക്കി.

ബാറ്റിങ്ങില്‍ സ്വന്തമാക്കിയ അര്‍ധ സെഞ്ച്വറിക്ക് പുറമെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ബാബ അപരാജിതാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. ത്രിപുര ക്യാപ്റ്റന്റെയടക്കം വിക്കറ്റുകളാണ് ഈ തമിഴ്‌നാട്ടുകാരന്‍ സ്വന്തമാക്കിയത്.

അങ്കിത് ശര്‍മ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വിഗ്നേഷ് പുത്തൂര്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ നിലവില്‍ ഗ്രൂപ്പ് എ-യില്‍ ഒന്നാമതാണ് കേരളം.

ഡിസംബര്‍ 26നാണ് കേരളത്തിന്റെ അടുത്ത മത്സരം. അയല്‍ക്കാരായ കര്‍ണാടകയാണ് എതിരാളികള്‍. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ബി-യാണ് വേദി.

Content Highlight: Vijay Hazare Trophy: Kerala defeats Tripura

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more