| Tuesday, 6th January 2026, 4:56 pm

14 സിക്‌സര്‍! 'സഞ്ജുമ്മല്‍' ബോയ്‌സിന് പാളിയപ്പോള്‍ 'വി.വി' വെടിക്കെട്ട്; ജയിച്ചത് വെറും 29 ഓവറില്‍

ആദര്‍ശ് എം.കെ.

വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കൂറ്റന്‍ വിജയവുമായി കേരളം. അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. പുതുച്ചേരി ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം 126 പന്തുകള്‍ ശേഷിക്കെ കേരളം മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മലും സൂപ്പര്‍ താരം സഞ്ജു സാംസണും നിരാശപ്പെടുത്തിയ മത്സരത്തില്‍ വിഷ്ണു വിനോദിന്റെ വെടിക്കെട്ടാണ് കേരളത്തിന് ഗംഭീര വിജയം സമ്മാനിച്ചത്.

84 പന്ത് നേരിട്ട താരം പുറത്താകാതെ 162 റണ്‍സ് അടിച്ചെടുത്തു. 13 ഫോറും ആകാശം തൊട്ട 14 പടുകൂറ്റന്‍ സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 192.86 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം പുതുച്ചേരി മര്‍ദനം നടത്തിയത്.

മൂന്നാം വിക്കറ്റില്‍ ബാബ അപരാജിതിനെ കൂട്ടുപിടിച്ചായിരുന്നു താരത്തിന്റെ പ്രകടനം. ഇരുവരും ചേര്‍ന്ന് 232 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

69 പന്ത് നേരിട്ട ബാബ അപരാജിത് 63 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരി ജശ്വന്ത് ശ്രീറാമിന്റെയും അജയ് റോഹെറെയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മോശമല്ലാത്ത സ്‌കോറിലെത്തിയത്. ജശ്വന്ത് ശ്രീറാം 57 റണ്‍സ് നേടിയപ്പോള്‍ അജയ് 53 റണ്‍സും നേടി.

കേരളത്തിനായി എം.ഡി. നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുമായി അങ്കിത് ശര്‍മയും ഈഡന്‍ ആപ്പിള്‍ ടോമും കരുത്തുകാട്ടിയപ്പോള്‍ ബാബ അപാരിജിതും ബിജു നാരായണനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വിജയത്തിന് പിന്നാലെ എലീറ്റ് ഗ്രൂപ്പ് എ-യില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ആറ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് തോല്‍വിയുമായി 16 പോയിന്റാണ് കേരളത്തിനുള്ളത്. ആദ്യ അഞ്ച് മത്സരത്തില്‍ അഞ്ചിലും ജയിച്ച് 20 പോയിന്റുമായി കര്‍ണാടകയാണ് പട്ടികയില്‍ ഒന്നാമത്.

ജനുവരി എട്ടിനാണ് കേരളത്തിന്റെ അടുത്ത മത്സരം. തമിഴ്‌നാടാണ് എതിരാളികള്‍.

Content Highlight: Vijay Hazare Trophy: Kerala defeated Puducherry

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more