2026 വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം സെമി ഫൈനലില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സൗരാഷ്ട്ര. ബി.സി.സി.ഐ സെന്റര്‍ ഓഫ് എകസലന്‍സില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് സൗരാഷ്ട്ര നേടിയെടുത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 291 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 39.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് അടിച്ചെടുത്താണ് സൗരാഷ്ട്ര ഫൈനലിലേക്ക് കുതിച്ചത്.
ഇതോടെ ആദ്യ സെമിയില്‍ കര്‍ണാടകയെ പരാജയപ്പെടുത്തി ഫൈനല്‍ ടിക്കറ്റ് നേടിയ വിദര്‍ഭയെയാണ് സൗരാഷ്ട്ര അവസാന അങ്കത്തില്‍ നേരിടാന്‍ ഉള്ളത്. ജനുവരി 18നാണ് ഫൈനല്‍.
അതേസമയം മത്സരത്തില്‍ വിശ്വരാജ് ജഡേജയുടെ കരുത്തിലാണ് സൗരാഷ്ട്ര എളുപ്പം വിജയം സ്വന്തമാക്കിയത്. 127 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 18 ഫോറും ഉള്‍പ്പെടെ 165 റണ്‍സ് ആണ് താരം അടിച്ചെടുത്തത്.
പുറത്താകാതെ 129.92 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു തരം ബാറ്റ് വീശിയത്. ജഡേജക്ക് പുറമേ ഓപ്പണറും ക്യാപ്റ്റനുമായ ഹര്‍വിക് ദേശായി 63 പന്തില്‍ നിന്ന് 64 റണ്‍സ് നേടി. കൂടാതെ പ്രേരാഗ് മങ്കാട് 49 പന്തില്‍ നിന്ന് പുറത്താക്കാതെ 52 റണ്‍സ് നേടി.
അതേസമയം അന്‍മോല്‍പ്രീത് സിങ്ങിന്റെ ബാറ്റിങ് കരുത്തിലായിരുന്നു പഞ്ചാബ് സ്‌കോര്‍ ഉയര്‍ത്തിയത്. 105 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 100 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. 47ാം ഓവര്‍ വരെ താരം ക്രീസില്‍ പിടിച്ചുനിന്നാണ് പഞ്ചാബിനെ മുന്നോട്ട് കൊണ്ടുപോയത്.
ചേതന്‍ സക്കറിയയുടെ പന്തിലാണ് താരം പുറത്തായത്. താരത്തിന് പുറമെ ഓപ്പണറും ക്യാപ്റ്റനുമായ പ്രഭ്‌സിമ്രാന്‍ സിങ് 89 പന്കില്‍ 87 റണ്‍സും നേടി നിര്‍ണായക പ്രകടനമാണ് നടത്തിയത്. മധ്യനിരയില്‍ രമണ്‍ദീപ് സിങ് 42 റണ്‍സും നേടി മികവ് പുലര്‍ത്തി.
അതേസമയം മത്സരത്തില്‍ ചേതന്‍ സക്കറിയയാണ് സൗരാഷ്ട്രയ്ക്ക് വേണ്ടി കിടിലന്‍ ബൗളിങ് പ്രകടനം നടത്തിയത്. നാല് വിക്കറ്റുകളാണ് താരം നേടിയത്. അങ്കുര്‍ പന്‍വാര്‍, ചിരാഗ് ജാനി എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
Content Highlight: Vijay Hazare Trophy 2026: Saurashtra beat Punjab in the second semi-final