സിനിമയുടെ ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ഇനിയുള്ള ജീവിതം പൊതുജന സേവനത്തിനെന്ന് അറിയിച്ചുകൊണ്ട് രാഷ്ട്രീയ പ്രവേശനം നടത്തിയ താരമാണ് വിജയ്. 2024ല്‍ തമിഴക വെട്രി കഴകമെന്ന പേരില്‍ ആരംഭിച്ച പാര്‍ട്ടി ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. തമിഴ്‌നാട്ടിലെ രണ്ട് വലിയ മുന്നണികള്‍ക്ക് വെല്ലുവിളിയായി ടി.വി.കെ മാറുമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ഒന്നിന് പിന്നാലെ ഒന്നായി പല തിരിച്ചടികളും വിജയ് നേരിടുകയാണ്. കരൂറിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40ലധികം ആളുകള്‍ മരിച്ചതും വിജയ്‌യുടെ അവസാനചിത്രം റിലീസാകാതെ പെട്ടിയില്‍ കിടക്കുകയും ചെയ്തത് താരത്തിന് നേരിടേണ്ടി വന്ന തിരിച്ചടികളാണ്. ബി.ജെ.പി സര്‍ക്കാരിനെ ആശയപരമായ ശത്രുവായും ഡി.എം.കെ ഗവണ്മെന്റിനെ രാഷ്ട്രീയ എതിരാളിയായുമാണ് വിജയ് കണക്കാക്കുന്നത്.
ഓരോ രാഷ്ട്രീയ സമ്മേളനത്തിലും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ വിജയ് കടന്നാക്രമിക്കാറുണ്ട്. തമിഴ്‌നാട്ടിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സ്റ്റാലിനാണെന്നാണ് വിജയ് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞദിവസം വിജയ് സ്റ്റാലിനെതിരെ നടത്തിയ പ്രസ്താവന ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഗ്യാസ് ക്ഷാമത്തിന് കാരണം സ്റ്റാലിനാണെന്നാണ് വിജയ് പറഞ്ഞത്.
‘ഗ്യാസ് പ്രശ്‌നങ്ങള്‍ എങ്ങനെയുണ്ട്? അതെല്ലാം പരിഹരിക്കപ്പെട്ടോ, ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ കിട്ടുന്നുണ്ടോ? സിലിണ്ടര്‍ ക്ഷാമം കാരണം എത്ര പ്രശ്‌നങ്ങളാണ് നമുക്ക് ചുറ്റും. എത്രയെത്ര ചായക്കടകള്‍ അടച്ചുപൂട്ടി, ഹോട്ടല്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍. എന്തൊക്കെ കഷ്ടനഷ്ടങ്ങളാണ് നമ്മള്‍ സഹിക്കുന്നത്. അവരെങ്കിലും (കേന്ദ്ര സര്‍ക്കാരിനെ ഉദ്ദേശിച്ചുകൊണ്ട്) കുറച്ച് ജാഗ്രത കാണിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഈ പ്രശ്‌നമുണ്ടാകില്ലായിരുന്നു.
എന്നാല്‍ ഇവിടെയുള്ള സ്റ്റാലിന്‍ സാര്‍ എന്താണ് ചെയ്യുന്നത്? അദ്ദേഹം ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇവര്‍ കുറച്ച് മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ തമിഴ്‌നാട്ടിലെങ്കിലും ഗ്യാസ് സിലിണ്ടറിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരില്ലായിരുന്നു. രണ്ട് ഗവണ്മെന്റുകളും ഇതിന് കാരണമാണ്. പക്ഷേ, സ്റ്റാലിന്‍ സാറിന്റെ അടുത്ത് ചോദിച്ചാല്‍ അദ്ദേഹത്തിന് ഈ വിഷയവുമായി ബന്ധമില്ലെന്ന് പറയും.
ഇവിടെ നടക്കുന്ന റെയ്ഡുകള്‍ നിര്‍ത്താന്‍ ദല്‍ഹിയില്‍ പോകുന്ന അദ്ദേഹം എന്തുകൊണ്ട് ഗ്യാസ് ക്ഷാമത്തിന്റെ കാര്യത്തില്‍ ദല്‍ഹിയില്‍ പോകുന്നില്ല? ദല്‍ഹിയിലേക്ക് പറന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് പ്രയോജനമായേനെ’ എന്നാണ് വിജയ് പറഞ്ഞത്. ഇതിന് പിന്നാലെ ട്രോളന്മാര്‍ വിജയ്‌ക്കെതിരെ രംഗത്തെത്തി.
ഗ്യാസ് ക്ഷാമത്തിന് കാരണം അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധമാണെന്ന് അറിയില്ലേ എന്നാണ് പലരും ചോദിക്കുന്നത്. സിനിമാ സ്‌റ്റൈലില്‍ ഡയലോഗടിക്കുന്നതിന് മുമ്പ് ഇത്തരം വിഷയങ്ങളെക്കുറിച്ച് വായിക്കാമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എല്‍.പി.ജി ക്ഷാമവും ഡി.എം.കെയും തമ്മില്‍ എന്താണ് ബന്ധമെന്നും പലരും ചോദിക്കുന്നു.
‘അണ്ണന് ജിയോപൊളിറ്റിക്‌സിനെക്കുറിച്ച് വലിയ ധാരണയില്ലല്ലേ’, ‘അണ്ണന്‍ മുഖ്യമന്ത്രിയായാല്‍ ട്രംപിനെ നേരിട്ട് വിളിച്ച് യുദ്ധം നിര്‍ത്താനും എല്‍.പി.ജി കൊണ്ടുവരാനും പറയുമായിരിക്കും’, ‘എല്‍.പി.ജി വിതരണം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് രക്ഷകാ’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.
Content Highlight: Vijay getting trolls after he alleged reason for gas shortage is M K Stalin
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ