| Saturday, 27th December 2025, 9:13 pm

ഇന്ത്യയിലല്ല അങ്ങ് മലേഷ്യയിലുമുണ്ട് അണ്ണന് പിടി; ജന നായകന് ഓഡിയോ ലോഞ്ചില്‍ വിജയ്‌യെ കാണാന്‍ ഇരച്ചെത്തി ജനം

ഐറിന്‍ മരിയ ആന്റണി

ദളപതി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. തമിഴകത്തിന്റെ ദളപതിയുടെ അവസാന ചിത്രമായതിനാല്‍ ഓരോ അപ്ഡേറ്റും പരമാവധി ആഘോഷമാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

2026 ജനുവരി 9ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിജയ് ആരാധകര്‍ ഏറെയുള്ള മലേഷ്യയില്‍ വെച്ചാണ് ഇക്കുറി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അരങ്ങേറുന്നത്. മലേഷ്യയുടെ തലസ്ഥാനമായ ക്വാലലംപൂരിലെ ബുകിത് ജലീല്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

താരത്തെ കാണാനെത്തിയ പതിനായിരങ്ങളെയും ആരാധകരെ അഭിവാദ്യം ചെയ്യുന്ന വിജയ്‌യെയും വീഡിയോയിലും ചിത്രങ്ങളിലുമായി കാണാം. ദളപതി തിരുവിഴ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ 30 ഗായകര്‍ വിജയ് ചിത്രത്തിലെ ഹിറ്റ് ഗാനങ്ങള്‍ ആലപിക്കും. വിജയ് യേശുദാസ്, ആന്‍ഡ്രിയ ജെര്‍മിയ, ഹരിചരണ്‍ എന്നിവര്‍ ഈ ലിസ്റ്റിലുണ്ട്.

ഓഡിയോ ലോഞ്ചിനായി ജന നായകന്റെ അണിയറപ്രവര്‍ത്തകരും ആര്‍ട്ടിസ്റ്റുകളും കഴിഞ്ഞ ദിവസമാണ് മലേഷ്യയിലെത്തിയത്. അതേസമയം അറ്റ്‌ലി, പൂജ ഹെഗ്‌ഡെ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. 75000 അധികം കാണികള്‍ എത്തുമെന്ന് അണിയറക്കാര്‍ പ്രതീക്ഷ പരിപാടിയില്‍ സ്റ്റേഡിയം നിറച്ച് കാണികള്‍ നിറഞ്ഞിട്ടുണ്ട്. പ്രത്യേകം ചാര്‍ട്ട് ചെയ്ത ഫ്ളൈറ്റിലാണ് വിജയ് അടക്കമുള്ളവര്‍ മലേഷ്യയില്‍ എത്തിയത്.

450 കോടി ബജറ്റിലാണ് ജന നായകന്‍ ഒരുങ്ങുന്നത്. ദളപതിയുടെ അവസാന ചിത്രം ബോക്സ് ഓഫീസില്‍ ഏത് രീതിയില്‍ തിളങ്ങുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ മമിത ബൈജു, പൂജ ഹെഗ്ഡേ, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വന്‍   താരനിര അണിനിരക്കുന്നുണ്ട്.

Content Highlight: vijay film jana nayakan  audio launch is currently garnering attention on social media

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more