യഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോക്സിക്. പുറത്തുവന്ന പുതിയ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്.
കടുത്ത വയലൻസ്, കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, എന്നിവയുമായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും, മുമ്പ് പുറത്തിറങ്ങിയ ടീസറിനെ അപേക്ഷിച്ച് നാടകീയതയും വീഡിയോ ഗെയിം അവതരണ ശൈലിയും പാളിപ്പോയെന്നാണ് ചിലരുടെ വിമർശനം. അതുകൊണ്ടുതന്നെ ടീസറിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് യഷ് എത്തുന്നതെന്ന റിപ്പോർട്ടുകളുണ്ട്. അച്ഛനും മകനുമായാണ് താരം പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. നയൻതാര , രുക്മിണി വസന്ത് , കിയാറ അഡ്വാനി എന്നിവർ പ്രധാന വേഷങ്ങളിൽ ഉണ്ടെങ്കിലും, ടീസറിൽ ഇവരെ കാണിക്കാത്തത് ആരാധകരിൽ നിരാശ സൃഷ്ടിച്ചിട്ടുണ്ട്.
ടോക്സിക്, Photo: Teaser/ Screengrab
മുമ്പത്തെ ടീസറിൽ ഉൾപ്പെടുത്തിയ ഹോട്ട് രംഗങ്ങൾ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. അതിനെ തുടർന്ന് സംവിധായികയായ ഗീതു മോഹൻ ദാസിന് നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ പുതിയ ടീസറിലെ ഒരു ഡയലോഗാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്.
വിജയ് നായകനായെത്തിയ ‘ഗോട്ട്’ എന്ന ചിത്രത്തിൽ പറഞ്ഞ ഡയലോഗിനോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് ചില ആരാധകർ രംഗത്തെത്തിയത്. വിജയ് പറഞ്ഞ അതേ സ്റ്റൈലിലും ആറ്റിറ്റ്യൂഡിലും തന്നെയാണ് യഷ് ടീസറിൽ ഡയലോഗ് പറയുന്നതെന്നാണ് ആരോപണം. ‘ഇറ്റ്സ് ഓവർ , വെൻ ഐ സെ ഇറ്റ്സ്’ ഓവർ എന്നായിരുന്നു ആ ഡയലോഗ്.
ഞങ്ങളുടെ അണ്ണനെ കോപ്പിയടിക്കുന്നോടാ?, അത് ഒറിജിനൽ, ഇത് കോപ്പി, രണ്ടാളും മങ്കാത്തയിലെ ഡയലോഗ് സ്റ്റൈൽ പിന്തുടരുന്നു തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിജയ് ആരാധകർ ഈ സാമ്യം ആഘോഷമാക്കുമ്പോൾ, യഷ് ആരാധകർ തിരിച്ചടിയും നൽകുന്നുണ്ട്.
ഗോട്ട്, Photo: IMDb
മൂത്തൊൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യഷും ഗീതുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീത സംവിധാനം രവി ബസൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷിൻ്റെ മോൺസ്‌റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. യഷിൻ്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. ചിത്രം മാർച്ച് 19ന് തീയേറ്ററുകളിലെത്തും.
ടീസറിലൂടെ തന്നെ വലിയ ചർച്ചകൾക്കും ആരാധക തർക്കങ്ങൾക്കും വഴിയൊരുക്കിയ ‘ടോക്സിക്’ തിയേറ്ററുകളിൽ എത്തുമ്പോൾ ഈ വിവാദങ്ങൾ ബോക്സ് ഓഫീസിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് കാത്തിരിക്കേണ്ടതാണ്.
Content Highlight: Vijay fans troll Toxic teaser