| Sunday, 9th February 2020, 4:58 pm

വിജയ് ഫാന്‍സ് രംഗത്തിറങ്ങി; ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമം പാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വിജയ് നായകനായ ചിത്രം മാസ്റ്ററിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ച് ബി.ജെ.പി. വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിനെത്തുടര്‍ന്നാണ് ബി.ജെ.പിക്ക് മുട്ടുമടക്കേണ്ടി വന്നത്. നെയ്വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിനകത്തു നടക്കുന്ന മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചത്.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിനായി നല്‍കരുതെന്ന് പറഞ്ഞായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം. ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം വിജയ് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലൊക്കേഷനില്‍ വിജയിയെ സ്വീകരിക്കാന്‍ മക്കള്‍ ഇയക്കം എന്ന വിജയ് ഫാന്‍സ് അസോസിയേഷന്‍ കാത്തുനിന്നിരുന്നു. ഫാന്‍സ് ബി.ജെ.പിക്കാര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു.

വിജയ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി എത്തുമെന്ന് ഭയന്ന് ബി.ജെ.പി ഉപരോധത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു. നെയ്വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിലെ കല്‍ക്കരി ഖനി ഷൂട്ടിംഗിനായി വിട്ടുകൊടുക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

കാമ്പസിന്റെ മെയിന്‍ ഗേറ്റിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരും വിജയ് ഫാന്‍സും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇത് പരിഹരിച്ചത്.
ബുധനാഴ്ച്ച വൈകിട്ടായിരുന്നു വിജയിയെ ആദായ നികുതി വകുപ്പ് സംഘം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയിയുടെ വീടുകളിലും അന്വേഷണസംഘം റെയ്ഡ് നടത്തി. സാലിഗ്രാമില്‍ നാല് മണിക്കൂറോളം പരിശോധന നടത്തി.

Latest Stories

We use cookies to give you the best possible experience. Learn more